ഇന്ത്യയില്‍ കോവിഡ് വ്യാപനം ആറ് മാസത്തിനുള്ളില്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ

world covid
 


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കോവിഡ് വ്യാപനം അടുത്ത ആറ് മാസത്തിനുള്ളില്‍ കൂടുതല്‍ നിയന്ത്രണവിധേയമാകുമെന്ന് വിദഗ്ധർ. ആറ് മാസത്തിനുള്ളില്‍ കോവിഡ് കൂടുതല്‍ നിയന്ത്രണ വിധേയവും നിലവിലുള്ള ആരോഗ്യസംവിധാനത്തിന് കൈകാര്യം ചെയ്യാനാവുന്നതുമായി മാറുമെന്ന് നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍ സുജിത് സിങ് പറഞ്ഞു- എന്‍ഡി ടിവി റിപ്പോര്‍ട്ട്.

ഡെല്‍റ്റ വകഭേദംകൊണ്ടു മാത്രം മൂന്നാം തരംഗം അതിതീവ്രമാകുമെന്ന് കരുതുന്നില്ല. രോഗവ്യാപനം നിയന്ത്രിക്കുന്നതില്‍ വിജയം കൈവരിക്കാന്‍ കഴിഞ്ഞാല്‍ രോഗത്തെ നിയന്ത്രിക്കാനാകും. രോഗവ്യാപനം ഉയര്‍ന്ന തോതിലായിരുന്ന കേരളത്തിലും കേസുകള്‍ കുറയുന്നത് ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു.

രാജ്യത്ത് 75 കോടിയില്‍ അധികം ആളുകള്‍ക്ക് വാക്‌സിന്‍ നല്‍കിക്കഴിഞ്ഞു. വാക്‌സിനുകള്‍ 70 ശതമാനം ഫലപ്രാപ്തി നല്‍കുമെങ്കില്‍ 50 കോടി ആളുകള്‍ പ്രതിരോധ ശേഷി ആര്‍ജ്ജിച്ചുകഴിഞ്ഞു. ഒറ്റ ഡോസ് 30-31 ശതമാനം പ്രതിരോധം ഉറപ്പ് നല്‍കുന്നുവെങ്കില്‍ പോലും ഗുണകരമാണെന്നും സുജിത് സിങ് പറഞ്ഞു.

വാക്‌സിന്‍ രണ്ട് ഡോസും സ്വീകരിച്ചാല്‍ പോലും കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കേണ്ടത് പ്രധാനമാണ്. പുതിയ വകഭേദങ്ങളാണ് കൂടുതല്‍ രോഗവ്യാപനത്തിന് കാരണം. വാക്‌സിനെടുത്താല്‍ പോലും 70 മുതല്‍ നൂറ് ദിവസം വരെ പിന്നിടുമ്പോള്‍ പ്രതിരോധ ശേഷി കുറയുന്നത് കാണാനാകുമെന്നും അദ്ദേഹം പറഞ്ഞു.