കോവിഡ് വ്യാപനം: ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂ; മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും

Delhi Covid
 

മുംബൈ: കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി ഡല്‍ഹിയും മുംബൈയും. ഇരു നഗരങ്ങളിലെയും കോവിഡ് കേസുകളുടെ എണ്ണം കുതിച്ചുയര്‍ന്നതാണ് പുതിയ നിയന്ത്രണങ്ങള്‍ക്ക് കാരണമായത്.

ഡല്‍ഹിയില്‍ സര്‍ക്കാര്‍ വാരാന്ത്യ കര്‍ഫ്യൂ ഏര്‍പ്പെടുത്തി. കര്‍ഫ്യൂവിന് പുറമെ ഡല്‍ഹിയില്‍ ഓഫീസുകളില്‍ ജീവനക്കാരുടെ എണ്ണവും കുറച്ചു. ബസ്, മെട്രോ സര്‍വീസുകള്‍ മാറ്റമില്ലാതെ തുടരും. അവശ്യ സര്‍വീസുകളില്‍ ഉള്ള ജീവനക്കാര്‍ ഒഴികെയുള്ളവര്‍ക്കാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. 

തിങ്കളാഴ്ച 4,099 പുതിയ കോവിഡ് കേസുകളാണ് ഡല്‍ഹിയില്‍ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച അത് 5,481 ആയി ഉയര്‍ന്നു. ഏഴ് മാസത്തിനിടെ രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനും കോവിഡ് സ്ഥിരീകരിച്ചിരുന്നു.

കോവിഡ് വ്യാപനം ഇപ്പോഴുള്ള രീതിയില്‍ തുടര്‍ന്നാല്‍ മുംബൈയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയേക്കും. പ്രതിദിന കോവിഡ് കേസുകള്‍ 20,000 കവിഞ്ഞാല്‍ മുംബൈയില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് മുംബൈ മേയര്‍ കിഷോരി പട്‌നേക്കര്‍ പറഞ്ഞു. കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെ അടുത്തദിവസം വാര്‍ത്താസമ്മേളനം വിളിക്കും. നഗരത്തിലെ ആള്‍ക്കൂട്ടത്തില്‍ കുറവുവന്നില്ലെങ്കില്‍ മിനി ലോക്ഡൗണ്‍ ഏര്‍പ്പെടുത്തേണ്ടിവരുമെന്നും മേയര്‍ പറഞ്ഞു.

കഴിഞ്ഞദിവസം മുംബൈയില്‍ റിപ്പോര്‍ട്ട് ചെയ്ത കോവിഡ് കേസുകളുടെ എണ്ണം 8,082 ആണ്. ഏപ്രില്‍ 18 ന് ശേഷം നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 40 പുതിയ ഒമിക്രോണ്‍ കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ മുംബൈയിലെ ആകെ ഒമിക്രോണ്‍ കേസുകളുടെ എണ്ണം 368 ആയി.