കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളില്‍ കൊവിഡ് വ്യാപനം രൂക്ഷം; ആശങ്കയുണ്ടാക്കുന്നുവെന്ന് ആരോ​ഗ്യമന്ത്രാലയം

covid 19
 

ന്യൂഡല്‍ഹി: കേരളം ഉൾപ്പടെ 8 സംസ്ഥാനങ്ങളിൽ കൊവിഡ് രോ​ഗികളുടെ എണ്ണം വർധിക്കുന്നത് ആശങ്കയുണ്ടാക്കുന്നതെന്ന് കേന്ദ്ര ആരോ​ഗ്യ മന്ത്രാലയം. കൊവിഡ് രോഗിയുമായി സമ്പർക്കത്തിൽ വരുന്നവർ പരിശോധിച്ചാലും ഇല്ലെങ്കിലും ഏഴ് ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം എന്ന് ഐസിഎംആർ അറിയിച്ചു. ഹൈ റിസ്ക് വിഭാഗത്തിൽ അല്ലാത്തവർ പരിശോധിക്കേണ്ടതില്ല എന്ന് നേരത്തെ ഐസിഎംആർ അറിയിച്ചിരുന്നു. 

ഓരോ ദിവസവും കേരളത്തില്‍ കൊവിഡ് കേസുകൾ മുന്നോട്ട് കുതിക്കുകയാണ്. ഇന്ന് 12,742 പേർക്കാണ് കൊവിഡ് സ്ഥീരീകരിച്ചത്.  ടിപിആർ 17.05ലേക്കെത്തി. ക്ലസ്റ്ററുകൾ രൂപപ്പെട്ട് കേസുകളിരട്ടിച്ച് ഒമിക്രോണിലൂടെ മൂന്നാം തരംഗം സംസ്ഥാനത്തെത്തി എന്ന് വിലയിരുത്താവുന്ന നിലയിൽത്തന്നെയാണ് അവസ്ഥ.

അയ്യായിരം, ഒൻപതിനായിരം, പന്ത്രണ്ടായിരം എന്നിങ്ങനെയാണ് കഴിഞ്ഞ മൂന്ന് ദിവസം സംസ്ഥാനത്ത് കൊവി‍ഡ് സ്ഥിരീകരിച്ചത്. ഇതിനൊപ്പം ഇന്ന് സംസ്ഥാനത്ത് 76 പേര്‍ക്ക് കൂടി ഒമിക്രോണും സ്ഥിരീകരിച്ചു. തൃശ്ശൂര്‍ 15, പത്തനംതിട്ട 13, ആലപ്പുഴ 8, കണ്ണൂര്‍ 8, തിരുവനന്തപുരം 6, കോട്ടയം 6, മലപ്പുറം 6, കൊല്ലം 5, കോഴിക്കോട് 4, കാസര്‍ഗോഡ് 2, എറണാകുളം 1, വയനാട് 1 എന്നിങ്ങനെയാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്.

തമിഴ്‌നാട് നിന്നും വന്ന ഒരാള്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 59 പേര്‍ ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും 7 പേര്‍ ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്നതാണ്. 9 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഒമിക്രോണ്‍ ബാധിച്ചത്. തൃശൂര്‍ 3, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം 2 വീതം എന്നിങ്ങനെയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

159 രാജ്യങ്ങളിൽ കോവിഡ് കേസുകൾ ഉയരുകയാണ്. ഏഷ്യയിൽ ഇന്ത്യ അടക്കം 36  രാജ്യങ്ങളിൽ കൊവിഡ് വ്യാപനം കൂടുന്നു. ഇന്ത്യയിൽ 
19 സംസ്ഥാനങ്ങളിൽ ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം പതിനായിരത്തിന് മുകളിലാണ്. 153. 80 കോടിയിൽ അധികം ഡോസ് വാക്സിൻ  ഇതുവരെ വിതരണം ചെയ്തു. രാജ്യത്ത് പ്രതിദിനം നടത്താൻ കഴിയുന്ന ആർടിപിസിആർ പരിശോധനകൾ ഇരുപത് ലക്ഷത്തിൽ അധികമാണെന്നും ആരോ​ഗ്യമന്ത്രാലയം വ്യക്തമാക്കി.