ന്യൂഡല്‍ഹി: കോവിഡ് പരിശോധന ഫലവും കോവിന്‍ വെബ്സൈറ്റുമായി ബന്ധിപ്പിക്കാന്‍ ഒരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഡിജിറ്റല്‍ സിഗ്നേച്ചറോട് കൂടിയ ആര്‍ടിപിസിആര്‍ പരിശോധന ഫലം കോവിന്‍ സൈറ്റില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. ഇത് ഉടന്‍ തന്നെ പ്രാബല്യത്തിലാകുമെന്ന് നാഷണല്‍ ഹെല്‍ത്ത് അതോറിറ്റി മേധാവി ആര്.എസ്.ശര്‍മ്മ പറഞ്ഞു.
നിലവില്‍ വാക്സിന് സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നത് പോലെയുള്ള സംവിധാനം ഒരുക്കുകയാണ് തങ്ങളെന്നും ശര്‍മ്മ വ്യക്തമാക്കി.
പുതിയ സംവിധാനം വരുന്നത് പ്രവാസികള്‍ക്കടക്കം സഹായകരമാണ്. മിക്ക രാജ്യങ്ങളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യണമെങ്കില്‍ 72 അല്ലെങ്കില്‍ 96 മണിക്കൂര്‍ മുമ്പായി എടുത്ത ആര്‍ടിപിസിആര്‍ പരിശോധന ഫലം നിര്‍ബന്ധമാണ്. ഓരോ രാജ്യത്തിന്റേയും ഡിജിറ്റല്‍ വാക്സിനേഷന് സര്‍ട്ടിഫിക്കറ്റ് ഒരു ഡിജിറ്റല്‍ പാസ്പോര്‍ട്ടായി അംഗീകരിക്കുന്നതിനുള്ള അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കാനുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അത് ഫലവത്തായിട്ടില്ലെന്ന് ശര്‍മ്മ പറഞ്ഞു.
അതേസമയം ഇപ്പോള്‍ ഉഭയകക്ഷ അടിസ്ഥാനത്തിലുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു രാജ്യം നമ്മുടെ വാക്സിന് പാസ്പോര്‍ട്ട് അംഗീകരിക്കുന്നുണ്ടെങ്കില്‍ നമ്മള് അവരുടേതും അംഗീകരിക്കുമെന്നും ശര്‍മ്മ അറിയിച്ചു.
Comments