കോവിഡ് വാക്‌സിന്‍ സൗജന്യം: ധനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് ഇസി

കോവിഡ് വാക്‌സിന്‍ സൗജന്യം: ധനമന്ത്രിയുടെ പ്രസ്താവന പെരുമാറ്റച്ചട്ട ലംഘനമല്ലെന്ന് ഇസി

ന്യൂഡെല്‍ഹി: ബിഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം കോവിഡ്- 19 വാക്‌സിന്‍ സൗജന്യമായി വിതരണ ചെയ്യുമെന്ന ബിജെപിയുടെ എന്‍ഡിഎ സഖ്യത്തിന്റെ വാഗ്ദാനം തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട ലംഘനമല്ലെന്ന് തെരഞ്ഞടുപ്പ് കമ്മീഷന്‍ (ഇസി) - ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട്.

സാകേത് ഗോഖലെ എന്ന വിവരാവകാശ പ്രവര്‍ത്തകന്റെ അപേക്ഷക്കുളള മറുപടിയിലാണ് ഇസി ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്. തെരഞ്ഞെടുപ്പ് പെരുമാറ്റചട്ട സംഹിതയിലെ വ്യവസ്ഥകളെ പിന്‍പറ്റിയാണ് കമ്മീഷന്‍ മറുപടി.

തെരഞ്ഞെടുപ്പ് പ്രകടന പത്രികയില്‍ ഭരണഘടനയെ നിന്ദിക്കുന്നതാകരുത്. തെരഞ്ഞെടുപ്പ് പ്രക്രിയയെ ദുര്‍ബലപ്പെടുത്തരുത്. വോട്ടര്‍മാരില്‍ അനാവശ്യ സ്വാധീനം ചെലുത്തുന്ന വാഗ്ദാനങ്ങള്‍ നല്‍കുന്നത് ഒഴിവാക്കണം. നിറവേറ്റാന്‍ കഴിയുന്ന വാഗ്ദാനങ്ങള്‍ മാത്രമേ വോട്ടര്‍മാര്‍ക്ക് മുന്നില്‍ നിരത്താവൂ - ഇതാണ് വിവരാവകാശ അപേക്ഷക്കുള്ള കമ്മീഷന്റെ പ്രതികരണം .

ഓരോ തെരഞ്ഞെടുപ്പിലും വ്യത്യസ്ത പ്രകടനപത്രികള്‍ വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി ഓരോ കക്ഷികളും പ്രസിദ്ധീകരിക്കുന്നത് പതിവ് രീതിയാണ്. അതിനാല്‍ കോവിഡ് മരുന്ന് സൗജന്യമെന്നത് തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമല്ലെന്ന വിശദീകരണമാണ് വിവരാവകാശ അപേക്ഷക്കുള്ള മറുപടിയില്‍ കമ്മീഷന്‍ നല്‍കുന്നത്.

കേന്ദ്ര ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബിഹാര്‍ തെരഞ്ഞെടുപ്പിനുള്ള പാര്‍ട്ടിയുടെ പ്രകടന പത്രിക പുറത്തിറക്കിയപ്പോള്‍ കോവിഡ് -19 വാക്‌സിന്‍ തയ്യാറാകുമ്പോള്‍ സംസ്ഥാനത്തെ എല്ലാവര്‍ക്കും സൗജന്യമായി നല്‍കുമെന്നും പ്രഖ്യാപിച്ചു. സീതാരാമന്റെ പ്രഖ്യാപനം ഏറെ വിവാദങ്ങള്‍ക്ക് വഴിവച്ചു. ധനമന്തിയുടെ ഈ വാഗ്ദാനം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനമെന്നതിനാല്‍ നടപടിയെടുക്കണമെന്ന് പ്രതിപക്ഷം തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു.