പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത് രാജ്യദ്രോഹക്കുറ്റമല്ല: സുപ്രീംകോടതി

modi

ന്യൂഡല്‍ഹി: മാദ്ധ്യമപ്രവര്‍ത്തകന്‍ വിനോദ് ദുവയ്‌ക്കെതിരെ ഹിമാചല്‍ പ്രദേശ് പൊലീസ് ചുമത്തിയ രാജ്യദ്രോഹ കേസ് റദ്ദാക്കി. പ്രധാനമന്ത്രിയെ വിമര്‍ശിക്കുന്നത്​ രാജ്യദ്രോഹമായി കണക്കാക്കാന്‍ സാധിക്കില്ലെന്ന നിരീക്ഷണത്തോടെയാണ്​ കോടതി കേസ്​ റദ്ദാക്കിയത്​. സുപ്രീം കോടതി. ജസ്റ്റിസുമാരായ യുയു ലളിത്, വിനിത ശരണ്‍ എന്നിവരുള്‍പ്പെട്ട ബഞ്ചാണ് നിര്‍ദ്ദേശം പുറപ്പെടുവിച്ചത്. 

സുപ്രീംകോടതിയുടെ കേദാര്‍ സിംഗ് കേസിലെ വിധിപ്രകാരമുള്ള സംരക്ഷണം നല്കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. എന്തൊക്കെ കാര്യങ്ങളാണ് രാജ്യദ്രോഹത്തിന്റെ പരിധിയില്‍ വരികയെന്നത് കേദാര്‍ സിംഗ് കേസുമായി ബന്ധപ്പെട്ട വിധിയില്‍ വ്യക്തമാക്കിയിട്ടുള്ളതാണെന്നും സുപ്രീം കോടതി പറഞ്ഞു.

പ്രധാനമന്ത്രിയെ വിമര്‍ശിക്കുക എന്നത് രാജ്യദ്രോഹകുറ്റമാകില്ലെന്നും മാദ്ധ്യമപ്രവര്‍ത്തകര്‍ക്ക് രാജ്യദ്രോഹ കേസുകളില്‍ നിന്നുമുള്ള സംരക്ഷണം ആവശ്യമുണ്ടെന്നും സുപ്രീം കോടതി നിരീക്ഷിച്ചിട്ടുണ്ട്. ഡല്‍ഹി കലാപത്തെക്കുറിച്ചുള്ള യൂട്യൂബ് പരിപാടിയില്‍ വിനോദ് ദുവ നടത്തിയ പരാമര്‍ശങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസാണ് സുപ്രീം കോടതി റദ്ദാക്കിയത്.

പൗരത്വ പ്രക്ഷോഭം അടിച്ചമര്‍ത്താന്‍ 2020ല്‍ ഡല്‍ഹിയില്‍ അരങ്ങേറിയ മുസ്​ലിം വിരുദ്ധ കലാപത്തെ കുറിച്ച്‌​ വിനോദ്​ ദുവ തയാറാക്കിയ റി​േപ്പാര്‍ട്ടായിരുന്നു കേസിനാസ്​പദം. മോദി തെരഞ്ഞെടുപ്പ്​ ജയിക്കാന്‍ മൃതദേഹങ്ങളും ഭീകരാക്രമണങ്ങളും ഉപയോഗിക്കുന്നുവെന്നായിരുന്നു കലാപ റിപ്പോര്‍ട്ടിങ്ങിനിടെ ദുവ പറഞ്ഞത്​. ഇത്​ പ്രധാനമന്ത്രിയെയും കേന്ദ്രസര്‍ക്കാറിനെയും അപമാനിക്കുന്നതാണെന്ന്​ ചൂണ്ടിക്കാട്ടി ബി.ജെ.പി നേതാവ്​ അജയ്​ ശ്യാമാണ്​ പരാതിപ്പെട്ടത്​. തുര്‍ന്ന്​​ ഹിമാചല്‍ പ്രദേശ്​ പൊലീസ്​ ദുവക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുക്കുകയായിരുന്നു.

വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കല്‍, പൊതുശല്യം, അപകീര്‍ത്തികരമായ കാര്യങ്ങള്‍ അച്ചടിക്കല്‍, തെറ്റിദ്ധാരണ പരത്തുക തുടങ്ങിയ കുറ്റങ്ങളും ചുമത്തിയാണ്​ എഫ്​.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്​തിരുന്നത്​. എന്നാല്‍, ഇവ നിലനില്‍ക്കില്ലെന്ന്​ സുപ്രീം കോടതി വിധി പറഞ്ഞു.