മണിപ്പൂരിൽ വീണ്ടും സംഘർഷം; കർഫ്യു ശക്തമാക്കി; വെള്ളിയാഴ്ച വരെ ഇന്റർനെറ്റിന് നിരോധനം

ഇംഫാല്‍: വീണ്ടും സംഘർഷമുണ്ടായതിനു പിന്നാലെ മണിപ്പൂരിലെ ഇംഫാലിൽ പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ന്യൂചേക്കൊൺ മേഖലയിലാണ് ഇന്ന് സംഘർഷമുണ്ടായത്. പൊലീസിന് പുറമെ സൈനിക, അർധ സൈനിക വിഭാഗത്തെയും ഇംഫാലിൽ വിന്യസിച്ചിട്ടുണ്ട്. വെള്ളിയാഴ്ച വരെ സംസ്ഥാനത്ത് ഇന്റർനെറ്റിന് നിരോധനം ഏർപ്പെടുത്തി.
ന്യു ചെക്കോൺ മേഖലയിലെ പ്രാദേശിക ചന്തയിലുണ്ടായ തർക്കമാണ് വീണ്ടും സംഘർഷത്തിന് വഴിവച്ചത്. ഇംഫാലിൽ ന്യൂ ലംബുലാനെയിൽ ഉപേക്ഷിക്കപ്പെട്ട വീടുകൾക്ക് ചിലർ തീയിട്ടു. സൈന്യം തീയണക്കാൻ ശ്രമിക്കുകയാണ്. സ്ഥിതിഗതികൾ നിയന്ത്രിക്കാനായി ഉച്ചയ്ക്ക് ഒന്നിന് ശേഷം ഇംഫാലിൽ കർഫ്യു ഏർപ്പെടുത്തി. നേരത്തെ വൈകിട്ട് നാല് മുതലായിരുന്നു കർഫ്യു സമയം.
മേയ് മൂന്നിന് ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 70 പേരാണ് സംസ്ഥാനത്ത് കൊല്ലപ്പെട്ടത്. നിരവധി വീടുകളും സ്ഥാപനങ്ങളും ആരാധനാലയങ്ങളും കലാപത്തിനിടെ നശിപ്പിക്കപ്പെട്ടു.
കഴിഞ്ഞ ഒരു മാസമായി മണിപ്പൂരില്‍ സംഘര്‍ഷം തുടരുകയാണ്. അക്രമത്തിൽ 70ലധികം പേർ കൊല്ലപ്പെട്ടു. കോടികളുടെ നാശനഷ്ടമുണ്ടായി. ആയിരക്കണക്കിന് പേര്‍ വീടുവിട്ടിറങ്ങാന്‍ നിര്‍ബന്ധിതരായി. പലരും സര്‍ക്കാറിന്‍റെ ക്യാമ്പുകളില്‍ അഭയം തേടി.
മണിപ്പൂരിലെ ജനസംഖ്യയുടെ 64 ശതമാനവും മെയ്തെയ് ആണ്. വിജ്ഞാപനം ചെയ്യപ്പെട്ട മലയോര പ്രദേശങ്ങളിൽ ആദിവാസികളല്ലാത്തവർക്ക് ഭൂമി വാങ്ങാൻ അനുവാദമില്ല. മെയ്തെയ് വിഭാഗത്തെ പട്ടിക വര്‍ഗ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതോടെ അവര്‍ക്കും ഭൂമി വാങ്ങാമെന്ന സ്ഥിതി വന്നു. ഇതു ഗോത്രവര്‍ഗ മേഖലയില്‍ അസ്വസ്ഥതയുണ്ടാക്കി.
മുഖ്യമന്ത്രി എൻ ബിരേൻ സിങ്ങിന്‍റെ നേതൃത്വത്തിലുള്ള ബി.ജെ.പി സർക്കാർ തങ്ങളെ ആസൂത്രിതമായി ലക്ഷ്യം വച്ചെന്ന് കുകി വിഭാഗം ആരോപിച്ചു. വനങ്ങളിൽ നിന്നും വീടുകളിൽ നിന്നും തങ്ങളെ നീക്കം ചെയ്യുകയാണെന്ന് അവര്‍ ആരോപിച്ചു. പിന്നാലെയായിരുന്നു സംഘര്‍ഷം.