ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു; ഖബറടക്കം ഇന്ന് രാത്രി നടക്കും

danish

ന്യൂഡൽഹി: അഫ്ഗാനിസ്ഥാനിൽ താലിബാനും അഫ്ഗാൻ സേനയും തമ്മിൽ നടന്ന ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട് മാധ്യമപ്രവർത്തകൻ ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹം ഇന്ത്യയിലെത്തിച്ചു. ഡാനിഷിന്റെ ഖബറടക്കം ഇന്ന് തന്നെ നടക്കും. ഡൽഹി ജാമിയ മിലിയ സ‍ർവകലാശാലയിലെ ഖബറിസ്ഥാനിൽ രാത്രി പത്തു മണിയോടെ സംസ്കാര ചടങ്ങുകൾ നടക്കുമെന്ന് കുടുംബം അറിയിച്ചു. 

ഡാനിഷ് സിദ്ധീഖിയുടെ മൃതദേഹം കാബൂളിൽ നിന്ന് എയർ  ഇന്ത്യ വിമാനത്തിലാണ് ഡൽഹിയിൽ എത്തിച്ചത്. ഏട്ട് മണിയോടെ മൃതദേഹം ജാമിയ നഗറിലെ വീട്ടിൽ എത്തിക്കും. തുടർന്ന് മതപരമായ ചടങ്ങുകൾ പൂർത്തിയാക്കിയാകും ഖബറടക്കം നടക്കുക. 

നേരത്തെ ഡാനിഷ് സിദ്ധീഖിയുടെ അന്ത്യവിശ്രമം ജാമിയ  സർവകലാശാലയിലെ ഖബറിസ്ഥാനിൽ നടത്തണമെന്ന കുടുംബത്തിൻ്റെ ആവശ്യം സർവകലാശാല അംഗീകരിച്ചിരുന്നു.