പാർലമെൻറിൽ കാർഷിക നിയമം പിൻവലിക്കുന്നതുവരെ കർഷക സമരം തുടരാൻ തീരുമാനം

z
 

ദില്ലി: പാർലമെൻറിൽ കാർഷിക നിയമം (farm laws) പിൻവലിക്കുന്നതുവരെ കർഷക സമരം (farmers protest) തുടരാൻ തീരുമാനം. സംയുക്ത കിസാൻ മോർച്ച യോ​ഗത്തിലാണ് തീരുമാനം. കാർഷിക നിയമങ്ങൾ പിൻവലിക്കുമെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് പിന്നാലെയാണ് സമരത്തിൻറെ ഭാവി തീരുമാനിക്കാൻ സംയുക്ത കിസാൻ മോർച്ച യോഗം ചേർന്നത്. നേരത്തെ നിശ്ചയിച്ചിട്ടുള്ള കർഷക റാലികളും നടത്തും. സമരം തുടരാൻ ഇന്നലെ ചേർന്ന കോർ കമ്മിറ്റി യോഗത്തിലും തീരുമാനമായിരുന്നു.

നിയമം റദ്ദാക്കാനുള്ള നടപടികൾ പൂർത്തിയാക്കാതെ പിൻവാങ്ങേണ്ട എന്നാണ് കർഷക സംഘടനകളുടെ നിലപാട്. കാബിനറ്റിൽ പോലും കൂടിയാലോചന നടത്താതെയാണ് നിയമം പിൻവലിക്കുകയാണെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനമെത്തിയത്. നിയമം റദ്ദാക്കുന്ന സാങ്കേതിക നടപടികൾ സർക്കാർ പൂർത്തിയാക്കണമെന്നാണ് കർഷകരുടെ ആവശ്യം. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ തീരുമാനം എടുക്കണമെന്നും സമര സമിതി ആവശ്യപ്പെട്ടു. 

നിയമങ്ങൾ പിൻവലിച്ചത് കൂടാതെ താങ്ങുവിലയിൽ നിയമപരമായ ഉറപ്പ് നൽകുക എന്നതാണ് കർഷകരുടെ പ്രധാന ആവശ്യം. സമരം പൂർണ്ണ വിജയമാകണമെങ്കിൽ ഇക്കാര്യങ്ങൾ സർക്കാർ അംഗീകരിക്കണം. അതുവരെ ദില്ലി അതിർത്തിയിൽ റോഡ് ഉപരോധിച്ചുള്ള സമരത്തിൽ അയവ് വരുത്തേണ്ടതില്ലെന്ന് ധാരണയായിട്ടുണ്ട്. സമരത്തിനിടെ ചുമത്തിയ കേസുകൾ പിൻവലിക്കണമെന്നും മരിച്ച കർഷകരുടെ കുടുംബത്തിന് ധനസഹായം പ്രഖ്യാപിക്കണമെന്ന ആവശ്യവും കർഷക സംഘടനകൾ ഉന്നയിക്കുന്നു.