ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു

ദീപിക സിങ് രജാവത് കോണ്‍ഗ്രസില്‍ ചേര്‍ന്നു
 

ശ്രീനഗർ∙ പ്രമുഖ അഭിഭാഷകയും സാമൂഹികപ്രവർത്തകയുമായ ദീപിക സിങ് രജാവത് കോൺഗ്രസിൽ ചേർന്നു. ഞായറാഴ്ച, ജമ്മുവിൽ നടന്ന ചടങ്ങിൽ കോൺഗ്രസ് പ്രവർത്തകരെയും നേതാക്കളെയും സാക്ഷിയാക്കിയാണ് ദീപികയുടെ കോൺഗ്രസ് പ്രവേശനം. കർഷകർക്കൊപ്പംനിന്ന് പോരാടുമെന്നും അംഗത്വം സ്വീകരിച്ചതിനു പിന്നാലെ ദീപിക വ്യക്തമാക്കി.


താന്‍ ഒരിക്കലും ഒരു രാഷ്ട്രീയക്കാരി ആയിരുന്നില്ല. എന്നാല്‍ നിലവിലെ സാഹചര്യങ്ങള്‍ തന്നെ രാഷ്ട്രീയത്തില്‍ പ്രവേശിക്കാന്‍ നിര്‍ബന്ധിതയാക്കുന്നു. തനിക്ക് അധികാരം വേണ്ട. എന്നാല്‍ ഈ മഹത്തായ രാജ്യത്തിന്റെ സമാധാനവും ശാന്തതയും ഇല്ലാതാക്കുന്ന രാഷ്ട്രീയ കഴുകന്മാരില്‍ നിന്ന് ഇന്ത്യയെ രക്ഷിക്കാനായാണ് താനും കോണ്‍ഗ്രസിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതെന്നും ദീപിക പ്രസ്താവനയില്‍ വ്യക്തമാക്കി.


 
ഈ രാജ്യത്തെ ഭിന്നിപ്പിക്കുന്ന ശക്തികളില്‍നിന്ന് തിരികെ കൊണ്ടുവരാൻ കോൺഗ്രസിന് മാത്രമേ സാധിക്കൂവെന്ന് ദീപിക കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. കോൺഗ്രസിൽ ചേരാൻ തനിക്ക് പ്രചോദനമായത് രാഹുലിനും സോണിയാ ഗാന്ധിക്കുമൊപ്പം കേരളത്തില്‍നിന്ന് ഇപ്പോള്‍ കേന്ദ്രനേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന കെ.സി.വേണുഗോപാല്‍ അടക്കമുള്ളവരാണെന്നും അവർ പറഞ്ഞു.