ന്യൂഡല്‍ഹി: എക്‌സൈസ് നയം അഴിമതിയുമായി ബന്ധപ്പെട്ട കേസില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലുള്ള ഡല്‍ഹി മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയ്ക്ക് രോഗിയായ ഭാര്യയെ കാണാന്‍ സമയം അനുവദിച്ചു. ശനിയാഴ്ച രാവിലെ പത്ത് മുതല്‍ വൈകീട്ട് അഞ്ച് വരെ ഏഴു മണിക്കൂര്‍ സമയമാണ് ഡല്‍ഹി ഹൈക്കോടതി അനുവദിച്ചിട്ടുള്ളത്.
ഈ സമയത്ത് മാധ്യമങ്ങളോട് ഒരു തരത്തിലും ബന്ധപ്പെടുകയോ കുടുംബാംഗങ്ങള്‍ അല്ലാത്തവരുമായി കൂടിക്കാഴ്ച നടത്തുകയോ ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശമുണ്ട്. ഫോണോ ഇന്റര്‍നെറ്റോ ഉപയോഗിക്കാനും പാടില്ല.
ഡൽഹി മദ്യ അഴിമതിക്കേസിൽ ഫെബ്രുവരി മുതൽ ജയിലിൽ കഴിയുകയാണ് സിസോദിയ. ഓട്ടോ ഇമ്മ്യൂൺ ഡിസോർഡർ, മൾട്ടിപ്പിൾ സ്ക്ലിറോസിസ് എന്നീ അസുഖബാധിതയായ ഭാര്യയുടെ ആരോഗ്യസ്ഥിതി ചൂണ്ടിക്കാട്ടിയാണ് സിസോദിയ ഇടക്കാല ജാമ്യം തേടിയത്. ഇത് സംബന്ധിച്ച് ഇഡിയോടും കോടതി വിവരങ്ങൾ തേടിയിരുന്നു. ശേഷം ജാമ്യാപേക്ഷ ഇന്നത്തേക്ക് മാറ്റുകയും ജാമ്യം അനുവദിക്കുകയുമായിരുന്നു.
മനീഷ് സിസോദിയയും രോഗിയായ ഭാര്യയും തമ്മിൽ ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ വീഡിയോ കോളുകൾ അനുവദിക്കണമെന്ന് ഈ മാസം ആദ്യം ഹൈക്കോടതി തിഹാർ ജയിൽ സൂപ്രണ്ടിനോട് നിർദേശിച്ചിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു,
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam