ഐടി നിയമങ്ങള്‍ പാലിക്കണമെന്ന് ട്വിറ്ററിനോട് ഡല്‍ഹി ഹൈക്കോടതി

delhi high court

ന്യൂ ഡല്‍ഹി: ട്വിറ്റര്‍ ഐടി നിയമങ്ങള്‍ പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി. രാജ്യത്ത് നിലവിലുള്ള നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കോടതി ചൂണ്ടിക്കാട്ടി. കേന്ദ്രസര്‍ക്കാര്‍ രൂപം കൊടുത്ത പുതിയ ഡിജിറ്റല്‍ ഗൈഡ് ലൈന്‍ നടപ്പാക്കാന്‍ ട്വിറ്റര്‍ തയ്യാറാവുന്നില്ലെന്ന് കാണിച്ച് ഒരു അഭിഭാഷകന്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഡല്‍ഹി ഹൈക്കോടതിയുടെ നിരീക്ഷണം. 

അതേസമയം പുതിയ പരിഷ്‌കാരങ്ങളുമായി തങ്ങള്‍ സഹകരിക്കുന്നുണ്ടെന്നും ഈ മാസം 28-ന് റെസിഡന്റ് ഗ്രിവന്‍സ് ഉദ്യോഗസ്ഥരെ നിയമിച്ചതായും ട്വിറ്റര്‍ കോടതിയെ അറിയിച്ചു. ജൂലൈ ആറിന് ഹര്‍ജി വീണ്ടും പരിഗണിക്കും. 

ഫെബ്രുവരി 25-നാണ് കേന്ദ്ര വാര്‍ത്താവിനിമയമന്ത്രാലയവും നിയമമന്ത്രാലയവും ചേര്‍ന്ന് പുതിയ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകള്‍ക്കായി പുതിയ ഗൈഡ് ലൈന്‍ കൊണ്ടു വന്നത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളടക്കം എല്ലാ സ്ഥാപനങ്ങളും ഉള്ളടക്കത്തെക്കുറിച്ചുള്ള പരാതികള്‍ സ്വീകരിക്കാനും തുടര്‍നടപടി സ്വീകരിക്കാനുമായി പ്രത്യേക പരാതി പരിഹാരസെല്‍ കൊണ്ടു വരണമെന്ന് പുതിയ ചട്ടത്തിലുണ്ട്. ഇന്ത്യക്കാരായെ ഉദ്യോഗസ്ഥരെ വേണം ഈ പദവിയില്‍ വിന്യസിക്കാനെന്നും നിയമത്തില്‍ പറയുന്നു. ഈ പരിഷ്‌കാരം നടപ്പാക്കുന്നതിനെ ചൊല്ലി ട്വിറ്ററും കേന്ദ്രസര്‍ക്കാരും തമ്മില്‍ ഭിന്നത ശക്തമായി തുടരുന്നതിനിടയിലാണ് ഹൈക്കോടതിയുടെ ഇടപെടല്‍.