കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി

cow hug day circular has been withdrawn
 

ന്യൂഡല്‍ഹി: കൗ ഹ​ഗ് ഡേ പിൻവലിച്ചതിനെതിരെ നൽകിയ ഹർജി ഡല്‍ഹി ഹൈക്കോടതി തള്ളി. ഇത് സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹർജി തള്ളിയത്. കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പാണ് വാലന്റൈൻസ് ഡേ ആയ ഫെബ്രുവരി 14ന് കൗ ​ഹ​ഗ് ഡേ ആയി ആചരിക്കണമെന്ന് ഉത്തരവിറക്കിയത്.
 
ഫെബ്രുവരി ആറിനാണ് ഉത്തരവിറക്കിയത്. ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ ആയി ആചരിച്ചാൽ സന്തോഷവും അഭിവൃദ്ധിയും വരുമെന്നായിരുന്നു പരാമർശം. എന്നാൽ നാല് ദിവസങ്ങൾക്കു ശേഷം പത്തിന്  ഉത്തരവ് പിൻവലിക്കുകയും ചെയ്തു. ഇതിനെ ചോദ്യം ചെയ്തു കൊണ്ടാണ് ​ഡല്‍ഹി ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചത്. 

ഹൈദരാബാദ് കേന്ദ്രമായി പ്രവർത്തിക്കുന്ന ആത്മീയ സംഘടനയുടെ ചെയർമാനായ കോലിസെട്ടി ശിവകുമാറാണ് ഹർജി സമർപ്പിച്ചത്. എന്നാൽ സർക്കാരിന്റെ നയപരമായ തീരുമാനമാണെന്നും ഇടപെടാൻ കഴിയില്ലെന്നും ചൂണ്ടിക്കാട്ടി ഹർജി തള്ളുകയായിരുന്നു.
 
ഫെബ്രുവരി 14ന് കൗ ഹ​ഗ് ഡേ ആയി ആചരിക്കണം. അധികൃതരുടെ ഇടപെടലോടുകൂടി ഇത് നടപ്പിലാക്കണം. എന്നാൽ കേന്ദ്ര മൃ​ഗസംരക്ഷണ വകുപ്പ് കൃത്യമായ കാരണങ്ങളില്ലാതെയാണ് ഇത് പിൻവലിച്ചതെന്നും ഹർജിയിൽ പറയുന്നു. 

പശുക്കളെ കെട്ടിപ്പിടിച്ച് പ്രണയദിനം ആചരിക്കണമെന്ന നിർദേശം സമൂഹമാധ്യമങ്ങളിലടക്കം വലിയ വിമർശനങ്ങൾക്ക് വഴിവച്ചിരുന്നു. വിദേശ മാധ്യമങ്ങൾ ഇത് കാര്യമായി റിപ്പോർട്ട് ചെയ്യുകയും അന്താരാഷ്ട്ര തലത്തിലടക്കം വിഷയം ചർച്ചയാവുകയും ചെയ്തു. പിന്നാലെയാണ് തീരുമാനം പിൻവലിക്കാൻ കേന്ദ്രം അടിയന്തര നിർദേശം നൽകിയത്.