സെൻട്രൽ വിസ്തയുടെ നിർമാണം നിർത്തേണ്ടതില്ലെന്ന് ഡൽഹി ഹൈക്കോടതി; പരാതിക്കാരന് പിഴ

Central vista

ന്യൂഡൽഹി∙ സെൻട്രൽ വിസ്തയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി തള്ളി. അവശ്യ ദേശീയ പദ്ധതി ആണെന്ന് വിലയിരുത്തിയാണ് ഹർജി തള്ളിയത്. തൊഴിലാളികൾ നിർമാണ സ്ഥലത്തുതന്നെ താമസിക്കുന്നതിനാൽ കോവിഡ് പടരാൻ ഇടയില്ല. അതിനാൽ പദ്ധതി നിർത്തിവയ്ക്കേണ്ടതില്ലെന്നും കോടതി വിലയിരുത്തി.

പരാതി അനാവശ്യമാണെന്ന് പറഞ്ഞ കോടതി പരാതിക്കാരന് ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ചീഫ് ജസ്റ്റിസ് ഡി.എൻ. പട്ടേൽ, ജസ്റ്റിസ് ജ്യോതി സിങ് എന്നിവരടങ്ങുന്ന ബെഞ്ചാണ് ഹർജി തള്ളിയത്. നവംബറിൽ പൂർത്തിയാക്കേണ്ടതിനാൽ നിർമാണ പ്രവർത്തനങ്ങൾ തുടരേണ്ടതുണ്ടെന്നും കോടതി പറഞ്ഞു.

കോവിഡ് വ്യാപനം ശക്തമായതിനെത്തുടർന്നു സെൻട്രൽ വിസ്ത പദ്ധതി നിർത്തിവയ്ക്കണമെന്നു വിവിധ കോണുകളിൽനിന്ന് ആവശ്യമുയർന്നിരുന്നു. തൊഴിലാളികൾക്കിടയിൽ രോഗവ്യാപനത്തിനും സാധ്യതയുണ്ടെന്ന് ആക്ഷേപം ഉയർന്നു. നിരവധിപ്പേർ ചികിത്സ ലഭിക്കാതെ മരിക്കുമ്പോൾ കോടികൾ മുടക്കി സെൻട്രൽ വിസ്ത നിർമാണം തുടരുന്നതിനെ ചോദ്യം ചെയ്ത് പ്രതിപക്ഷ പാർട്ടികളും രംഗത്തെത്തിയിരുന്നു.