ഡൽഹി മദ്യനയക്കേസ്: കെസിആറിന്റെ മകൾ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല

ഹൈദരാബാദ്: ഡല്‍ഹി മദ്യ നയ കേസിൽ തെലങ്കാന മുഖ്യമന്ത്രി കെസിആറിന്റെ മകൾ കെ കവിത നാളെ ചോദ്യം ചെയ്യലിന് ഹാജരാകില്ല. സമയം നീട്ടി ചോദിച്ചതായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വൃത്തങ്ങൾ അറിയിച്ചു. പുതുക്കിയ തീയതി നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കവിതയെ അറിയിക്കും.
മദ്യനയം നടപ്പാക്കുന്നതിന് ആംആദ്മി പാർട്ടിക്ക് 100 കോടി നൽകിയത് കവിത കൂടി നിയന്ത്രിക്കുന്ന സൗത്ത് ഗ്രൂപ്പ് ആണെന്നാണ് ഇഡി ആരോപിക്കുന്നത്. മദ്യനയ അഴിമതിക്കേസിൽ കവിതയുടെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന ബുച്ചി ബാബുവിനെ സിബിഐ അറസ്റ്റ് ചെയ്തിരുന്നു.
അന്വേഷണവുമായി പൂർണമായും സഹകരിക്കും എന്ന് കവിത പ്രതികരിച്ചു. കേന്ദ്ര ഏജൻസികളെ കാട്ടി മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിനെ ഭയപ്പെടുത്താൻ നോക്കുകയാണ് എന്നും, ഇത് വച്ചു പൊറുപ്പിക്കില്ല എന്നും കവിത പ്രതികരിച്ചു.
നേരത്തേ, ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം ഡിസംബറിൽ സിബിഐ കവിതയെ ചോദ്യം ചെയ്തിരുന്നു. ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഉൾപ്പെടെ 14 പേർ പ്രതികളായ കേസിൽ കവിത ഇടനിലക്കാരിയായി പ്രവർത്തിച്ചിരുന്നോ എന്നാണ് സിബിഐ അന്വേഷിക്കുന്നത്.