ഡൽഹി മദ്യനയക്കേസ്: ബി.ആർ.എസ് നേതാവ് കവിതയെ ചോദ്യം ചെയ്തത് 9 മണിക്കൂർ; മാർച്ച് 16ന് വീണ്ടും ഹാജരാകണം

Delhi liquor policy case: CBI to question K Kavitha on December 11
 


ന്യൂഡൽഹി: ഡൽഹി മദ്യനയ അഴിമതിക്കേസിൽ തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖർ റാവുവിന്റെ മകളും ബി.ആർ.എസ് നേതാവുമായ കെ. കവിതയെ എൻഫോഴ്‌സമെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് പൂർത്തിയായി. ഡൽഹിയിൽ ഇ.ഡി ഓഫീസിൽ 9 മണിക്കൂറാണ് കവിതയെ ചോദ്യം ചെയ്തത്. മാർച്ച് 16ന് വീണ്ടും ഹാജരാകാൻ ഇ.ഡി ആവശ്യപ്പെട്ടു.

രാവിലെ 11 മണിയോടെ ഡല്‍ഹി തുഗ്ലക് റോഡിലെ ഇഡി ഓഫീസിൽ ഹാജരായ കവിത രാത്രി എട്ടിനാണ് പുറത്തിറങ്ങിയത്. നേരത്തെ അറസ്റ്റിലായ മലയാളിയും വ്യവസായിയുമായ അരുൺ രാമചന്ദ്രൻ പിള്ളയ്ക്കൊപ്പമിരുത്തിയായിരുന്നു ചോദ്യം ചെയ്യൽ. ആംആദ്മി പാർട്ടി നേതാക്കൾക്ക് നൂറ് കോടി രൂപ നൽകിയെന്ന് നേരത്തെ അരുൺ മൊഴി നൽകിയിരുന്നു. ഇതിന്റെ ഉറവിടത്തെ കുറിച്ചും കവിതയിൽ നിന്നും വിവരങ്ങൾ തേടി.  അരുൺ കവിതയുടെ ബിനാമിയാണെന്നാണ് ഇഡി നേരത്തെ കോടതിയെ അറിയിച്ചത്. 

കവിതയെ ഇ.ഡി ചോദ്യം ചെയ്യുന്നതിൽ അനുയായികൾ പ്രതിഷേധ പ്രകടനം നടത്തി. ചോദ്യം ചെയ്യലിന് ശേഷം പുറത്തിറങ്ങിയ കവിതയെ മുദ്രാവാക്യങ്ങളോടെ പ്രവർത്തകർ സ്വീകരിച്ചു.

ഡൽഹിയിൽ ഇ.ഡി ഓഫീസിന് കനത്ത സുരക്ഷ ഏർപ്പെടുത്തിയിരുന്നു. വെള്ളിയാഴ്ച ചോദ്യം ചെയ്യലിന് ഹാജരാവാൻ നിർദേശിച്ചിരുന്നെങ്കിലും വനിതാ സംവരണ ബിൽ പാർലമെന്റിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് സംഘടിപ്പിച്ച പ്രതിഷേധത്തിൽ പങ്കെടുക്കുന്നതിനാൽ എത്തിച്ചേരാൻ കഴിയില്ലെന്ന് കവിത ഇ.ഡിയെ അറിയിച്ചിരുന്നു. ഇത് ഇ.ഡി. അംഗീകരിച്ചിരുന്നു.