ഡൽഹിയിൽ എംഎൽഎമാരുടെ ശമ്പളം 66 % വർധിപ്പിച്ചു

Delhi MLAs receive a significant pay hike
 


ന്യൂഡല്‍ഹി: ഡല്‍ഹിയിലെ എം.എല്‍.എമാരുടെ ശമ്പളവും മറ്റ് ആനുകൂല്യങ്ങളും 66 ശതമാനം വര്‍ധിപ്പിച്ചു. രാഷ്ട്രപതി ദ്രൗപതി മുര്‍മു വര്‍ധനവ് ശരിവച്ചതിന് പിന്നാലെ സര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കി.

പുതിയ ശമ്പളപരിഷ്‌കരണത്തിന് പിന്നാലെ എം.എല്‍.എമാരുടെ ശമ്പളം 54000-ത്തില്‍ നിന്നും 90000-മായി വര്‍ധിച്ചു. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 12000-ത്തില്‍ നിന്നും 30000-മായി ഉയർത്തി. എം.എൽ.എമാരുടെ ഗതാഗത അലവന്‍സ് 6000ത്തില്‍ നിന്നും 10000-മായും ടെലിഫോണ്‍ അലവന്‍സ് 8000-ത്തില്‍ നിന്നും 10000-മായും, സെക്രട്ടറിയേറ്റ് അലവന്‍സ് 10000-ത്തില്‍നിന്ന് 15000 രൂപയായും ഉയര്‍ത്തി. ഇവർക്കുള്ള നിയോജക മണ്ഡലം അലവൻസ് 6000-ത്തിൽ നിന്നും 10000-മായും വർധിപ്പിച്ചു.

അതേസമയം മന്ത്രിമാര്‍, സ്പീക്കര്‍, ചീഫ് വിപ്, ഡെപ്യൂട്ടി സ്പീക്കര്‍, പ്രതിപക്ഷ നേതാവ് എന്നിവരുടെ ശമ്പളം 72000-ത്തില്‍ നിന്നും 1.70 ലക്ഷമായി ഉയര്‍ത്തി. ഇവരുടെ പ്രതിമാസ അടിസ്ഥാന ശമ്പളം 20000-ത്തില്‍ നിന്നും 60000-മായി വര്‍ധിച്ചു. നിയോജക മണ്ഡലം അലവന്‍സ് 18000ത്തില്‍ നിന്നും 30000-മായും പ്രതിദിന അലവന്‍സ് 1000-ത്തില്‍ നിന്നും 1500-ആയും ഉയർത്തി.

ഇവര്‍ക്ക് കുടുംബവുമൊത്തുള്ള യാത്രയ്ക്ക് വര്‍ഷത്തില്‍ ഒരിക്കല്‍ 50000 രൂപ ലഭിച്ചിരുന്നത് ഒരു ലക്ഷം രൂപയായി ഉയര്‍ത്തി. ഇതിനു പുറമെ 20000 രൂപ വരുന്ന വാടക രഹിത താമസ സൗകര്യവും ഡ്രൈവര്‍ക്കൊപ്പം കാര്‍ സൗകര്യവും സൗജന്യമായി ലഭിക്കും.