'പീഡനത്തിന് ഇരയായ പെണ്‍കുട്ടികളുടെ വിവരങ്ങള്‍ വേണം'; രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസ്

rahul gandhi

ന്യൂ ഡല്‍ഹി: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസിലെ ഉന്നത ഉദ്യോഗസ്ഥരെത്തി. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തങ്ങളുടെ പ്രശ്‌നങ്ങള്‍ നേരിട്ട് വന്നു കണ്ട് അറിയിച്ചുവെന്ന രാഹുലിന്റെ പ്രസ്താവനയില്‍ വിവരങ്ങള്‍ തേടാനാണ് പൊലീസ് എത്തിയത്.  ഇരകളുടെ വിവരങ്ങള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഈ മാസം 15ന് രാഹുല്‍ ഗാന്ധിയ്ക്ക് നോട്ടീസ് നല്‍കിയിരുന്നുവെങ്കിലും പ്രതികരിച്ചില്ലെന്ന് പൊലീസ് വ്യക്തമാക്കി. 

ഡല്‍ഹിയിലെ വസതിയില്‍ രണ്ട് മണിക്കൂര്‍ കാത്ത് നിന്നെങ്കിലും രാഹുല്‍ പൊലീസിനെ കാണാന്‍ തയ്യാറായില്ല. ഇതേ തുടര്‍ന്ന്‌ നോട്ടീസ് നല്‍കി പൊലീസ് മടങ്ങുകയായിരുന്നു.

അതേസമയം, ഭാരത് ജോഡോ യാത്രയ്ക്കിടെ കശ്മീരില്‍ വച്ചായിരുന്നു രാഹുല്‍ഗാന്ധിയുടെ പ്രസ്താവന. പീഡനത്തിനിരയായ പെണ്‍കുട്ടികള്‍ തന്നെ വന്ന് കണ്ടിരുന്നുവെന്നും എന്നാല്‍ തങ്ങളുടെ വിവരങ്ങള്‍ പൊലീസിന് കൈമാറരുതെന്ന് അവര്‍ അഭ്യര്‍ത്ഥിച്ചിരുന്നുവെന്നുമാണ് രാഹുല്‍ പറഞ്ഞത്.