'ദലിത് ഉപമുഖ്യമന്ത്രി വേണം, അല്ലെങ്കിൽ തിരിച്ചടിയുണ്ടാകും'; കോൺഗ്രസ് നേതൃത്വത്തിന് മുന്നറിയിപ്പുമായി ജി. പരമേശ്വര

ബംഗളൂരു: കർണാടകയിൽ ദലിത് ഉപമുഖ്യമന്ത്രി വേണമെന്ന ആവശ്യവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ജി. പരമേശ്വര. ഇല്ലെങ്കിൽ അത് വിപരീത ഫലമുണ്ടാക്കുമെന്നും പാർട്ടിക്ക് പ്രശ്‌നങ്ങളുണ്ടാക്കുമെന്നും അദ്ദേഹം നേതൃത്വത്തിന് മുന്നറിയിപ്പ് നൽകി. ദലിത് നേതാവായ ജി. പരമേശ്വര എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായപ്പോൾ ഉപമുഖ്യമന്ത്രിയായിരുന്നു.
സിദ്ധരാമയ്യയെ മുഖ്യമന്ത്രിയും ഡി.കെ ശിവകുമാറിനെ ഏക ഉപമുഖ്യമന്ത്രിയുമായി കോൺഗ്രസ് സമവായ ഫോർമുല പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി ജി. പരമേശ്വര രംഗത്തെത്തിയത്. താൻ മാത്രമാകണം ഉപമുഖ്യമന്ത്രിയെന്ന ശിവകുമാറിന്റെ ആവശ്യം അദ്ദേഹത്തിന്റെ കാഴ്ചപ്പാടിൽ ശരിയായിരിക്കും. എന്നാൽ ഹൈക്കമാന്റിന്റെ വീക്ഷണം ശരിക്കും വ്യത്യസ്തമായിരിക്കണം. അവർക്ക് എല്ലാവരെയും പരിഗണിക്കാൻ ബാധ്യതയുണ്ടെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ദളിത് സമുദായാംഗത്തിന് ഉപമുഖ്യമന്ത്രിസ്ഥാനം നല്‍കാത്തതിലൂടെ ആ സമുദായത്തോട് അനീതി കാണിച്ചോ എന്ന ചോദ്യത്തിന്, ജനങ്ങള്‍ക്ക് പ്രത്യേകിച്ച് ദളിത് സമുദായത്തിന് വലിയ പ്രതീക്ഷകളുണ്ടെന്ന് പരമേശ്വര പറഞ്ഞു.
ഈ പ്രതീക്ഷകള്‍ മനസ്സിലാക്കി, നേതൃത്വം തീരുമാനം കൈക്കൊള്ളണം. അങ്ങനെ സംഭവിച്ചില്ലെങ്കില്‍ സ്വാഭാവികമായും പ്രത്യാഘാതങ്ങളുണ്ടാകും. അത് ഞാന്‍ പറയേണ്ട കാര്യമില്ല. ഇക്കാര്യം പിന്നീട് മനസ്സിലാക്കുന്നതിനേക്കാള്‍ ഇപ്പോള്‍ അവര്‍ അത് പരിഹരിക്കുന്നതാകും കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ അത് പാര്‍ട്ടിയ്ക്ക് പ്രശ്‌നങ്ങളുണ്ടാക്കും. ഇക്കാര്യം മനസ്സിലാക്കണമെന്ന് അവരോട് പറയാന്‍ താന്‍ ആഗ്രഹിക്കുന്നതായും പരമേശ്വര കൂട്ടിച്ചേര്‍ത്തു.
താൻ ആവശ്യപ്പെടാതെ തന്നെ തനിക്ക് ഉപമുഖ്യമന്ത്രി പദം ലഭിക്കുമെന്ന് പരമേശ്വര രാവിലെ മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഒരാൾക്ക് മാത്രം അധികാരം ലഭിക്കണമെന്ന വാദം ശരിയല്ല. പാർട്ടിയുടെ വിജയത്തിൽ എല്ലാവർക്കും പങ്കുണ്ട്. എല്ലാ സമുദായങ്ങളും പാർട്ടിയുടെ വിജയത്തിനായി അവരവരുടെ സംഭാവന നൽകിയിട്ടുണ്ട്. സ്വാഭാവികമായും അവരോട് നീതി ചെയ്യണമെന്നും പരമേശ്വര ആവശ്യപ്പെട്ടു.