2000 രൂപ നോട്ട് പുറത്തിറക്കുന്നതിനെ മോദി അനുകൂലിച്ചിരുന്നില്ല: മുൻ പ്രിൻസിപ്പൽ സെക്രട്ടറി

google news
d
 

ന്യൂഡൽഹി: രാജ്യത്ത് 2000ന്റെ നോട്ടുകൾ ഇറക്കുന്നതിനോട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് താൽപര്യം ഇല്ലായിരുന്നുവെന്ന് റിപ്പോർട്ട്. നോട്ട് നിരോധനം തീരെച്ചെറിയ കാലത്തിനുള്ളിൽ നടപ്പാക്കണമായിരുന്നെന്നതും ചെറിയ കറൻസി നോട്ടുകൾ പ്രിന്റ് ചെയ്യാനുള്ള ശേഷി ഇല്ലാതിരുന്നതിനെയും തുടർന്നാണ് മോദിക്ക് അങ്ങനെ തീരുമാനം എടുക്കേണ്ടി വന്നതെന്ന് വാർത്താ ഏജൻസിയായ എഎൻഐക്ക് നൽകിയ അഭിമുഖത്തിൽ പ്രധാനമന്ത്രി മോദിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന നൃപേന്ദ്ര മിശ്ര പറയുന്നു. 

പ്രധാനമന്ത്രി മോദി ഒരിക്കലും 2000 രൂപ നോട്ടിനെ പാവപ്പെട്ടവന്റെ നോട്ടായി കണക്കാക്കിയിട്ടില്ലെന്നും ഇടപാട് മൂല്യത്തേക്കാൾ പൂഴ്ത്തിവെപ്പാണ് 2000 രൂപ നോട്ടിനുള്ളതെന്ന് അറിയാമായിരുന്നുവെന്നും നൃപേന്ദ്ര മിശ്ര എഎൻഐയോട് പറഞ്ഞു. 2000 രൂപ നോട്ടിനെ പ്രധാനമന്ത്രി മോദി ഒട്ടും അനുകൂലിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. പക്ഷേ, നോട്ട് നിരോധനം പരിമിതമായ സമയത്തിനുള്ളിൽ നടത്തേണ്ടതിനാൽ മനസ്സില്ലാമനസ്സോടെയാണ് അദ്ദേഹം അതിന് അനുമതി നൽകിയത്.
 
കള്ളപ്പണത്തെ നേരിടാൻവേണ്ടിയാണ് നോട്ട് നിരോധിച്ചത്. അപ്പോൾ വലിയ സംഖ്യയുടെ കറൻസി വീണ്ടുമിറക്കിയാൽ പൂഴ്ത്തിവയ്ക്കാനുള്ള സാധ്യത ഉണ്ടാകും. 2018 മുതൽ 2000ന്റെ നോട്ടുകൾ പുറത്തിറക്കിയിട്ടില്ല– അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിന് പുറത്ത് നോട്ടുകൾ അച്ചടിക്കുന്നതിനെ പ്രധാനമന്ത്രി മോദി അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

2000 രൂപ നോട്ട് പ്രചാരത്തിൽ നിന്ന് പിൻവലിച്ചതായി ആർബിഐ ഇപ്പോൾ അറിയിച്ചിട്ടുണ്ടെന്നും സെപ്തംബർ 30 വരെ ബാങ്ക് ശാഖകളിൽ ആളുകൾക്ക് ഇത് മാറ്റി നൽകാമെന്നും അദ്ദേഹം പറഞ്ഞു. 2000 രൂപ സാധാരണക്കാർക്ക് വേണ്ടിയുള്ളതല്ലെന്നും അത് എവിടെയെങ്കിലും പൂഴ്ത്തിവെക്കാൻ കാരണമായേക്കാമെന്നും പ്രധാനമന്ത്രി മനസ്സിലാക്കിയെന്നും മിശ്ര പറഞ്ഞു. 2014–2019 വരെ മോദിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്നു അദ്ദേഹം.
  
2000ന്റെ നോട്ട് ആർബിഐ പിൻവലിച്ചിരുന്നു. കൈവശമുള്ള നോട്ടുകൾ മാറാൻ സെപ്റ്റംബർ 30 വരെ സമയം അനുവദിച്ചിട്ടുണ്ട്. 

 

Tags