രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ തുല്യത വരുത്തി പരിഹരിക്കണം:ആഗ്രഹം സ്വന്തം കരുത്തില്‍ നിന്നെന്ന് കരസേനാ മേധാവി

MM Naravan
ന്യൂഡല്‍ഹി: അതിര്‍ത്തിയില്‍ ഏതെങ്കിലും തരത്തില്‍ ഏകപക്ഷീയമായ നീക്കങ്ങളുണ്ടായാല്‍ ഇന്ത്യന്‍ സൈന്യം ശക്തമായി പ്രതികരിക്കുമെന്ന് കരസേനാ മേധാവി എം എം നരവണെ.രാജ്യങ്ങള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങള്‍ മാനദണ്ഡങ്ങള്‍ പാലിച്ച്‌ തുല്യസുരക്ഷിതത്വം ഉറപ്പാക്കുന്ന തരത്തില്‍ പരിഹരിക്കണം. ഇന്ത്യയുടെ സമാധാനത്തിനുള്ള ആഗ്രഹം സ്വന്തം കരുത്തില്‍ നിന്ന് രൂപപ്പെട്ടതാണെന്നും അതിനെ മറ്റുവിധത്തില്‍ തെറ്റിദ്ധരിക്കേണ്ടെന്നും എം എം നരവണെ വ്യക്തമാക്കി. 


അതിര്‍ത്തിയില്‍ ചൈനയുമായുണ്ടായ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ മുന്നറിയിപ്പ്.അതിര്‍ത്തിയിലെ നീക്കങ്ങള്‍ പ്രതിരോധിക്കാന്‍ ഇന്ത്യന്‍ സൈന്യം ശക്തമായ സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിലവിലെ സ്ഥിതിഗതികളില്‍ മാറ്റം വരുത്താന്‍ ഏകപക്ഷീയമായി ശ്രമിച്ചാല്‍ ഇന്ത്യന്‍ സൈന്യത്തിന്റെ അതിവേഗ പ്രതികരണം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. തീവ്രവാദ മേഖലയില്‍ ആക്രമണം നടത്താനുള്ള ഇന്ത്യയുടെ കഴിവ് മുന്‍പ് തന്നെ പ്രകടമാക്കിയിട്ടുള്ളതാണെന്നും കരസേനാ മേധാവി കൂട്ടിച്ചേര്‍ത്തു.