'അയോഗ്യത പിൻവലിക്കണം'; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും.

google news
CBI Registered Case Against Lakshadweep MP Faizal
ന്യൂഡല്‍ഹി: വധശ്രമക്കേസിൽ കുറ്റക്കാരനാണെന്നുള്ള വിധിക്ക് സ്റ്റേ വന്നിട്ടും അയോഗ്യനാക്കിക്കൊണ്ടുള്ള നടപടി പിന്‍വലിക്കാത്ത നടപടിയെ ചോദ്യം ചെയ്ത് ലക്ഷദ്വീപ് മുൻ എംപി മുഹമ്മദ് ഫൈസല്‍ നല്‍കിയ ഹര്‍ജി സുപ്രീം കോടതി ഇന്നു പരിഗണിക്കും. ലോക്സഭാ സെക്രട്ടേറിയറ്റിന്റെ നടപടിക്കെതിരെയാണ് എന്‍സിപി നേതാവ് കോടതിയെ സമീപിച്ചത്. ജനുവരി 11 മുതല്‍ ഫൈസല്‍ അയോഗ്യനാണെന്നു വ്യക്തമാക്കിക്കൊണ്ടാണ് ജനുവരി 13ന് ലോക്സഭാ സെക്രട്ടേറിയറ്റ് വിജ്ഞാപനം ഇറക്കിയത്.

അയോഗ്യനാക്കിക്കൊണ്ടുള്ള ലോക്‌സഭ സെക്രട്ടേറിയറ്റിന്റെ വിജ്ഞാപനം പിന്‍വലിക്കണമെന്നാണ് ഫൈസലിന്റെ ആവശ്യം. കുറ്റക്കാരനെന്നു കണ്ടെത്തിയ വിധിയും ശിക്ഷയും ഹൈക്കോടതി സ്റ്റേ ചെയ്തിട്ടും അയോഗ്യതാ വിജ്ഞാപനം ലോക്സഭാ സെക്രട്ടേറിയറ്റ് പിന്‍വലിച്ചിട്ടില്ലെന്ന് മുഹമ്മദ് ഫൈസലിനു വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ അഭിഷേക് മനു സിങ് വി ചൂണ്ടിക്കാട്ടി. 

ഫൈസലിനെ അയോഗ്യനാക്കിക്കൊണ്ടുള്ള ഉത്തരവ് ത്വരിതഗതിയിലാണ് ഇറങ്ങിയതെന്ന് അഭിഭാഷകന്‍ പറഞ്ഞു. എന്നാല്‍ ഹൈക്കോടതി വിധി വന്ന് ആഴ്ചകള്‍ കഴിഞ്ഞിട്ടും അയോഗ്യത പിന്‍വലിച്ചുകൊണ്ട് ഉത്തരവ് ഇറങ്ങിയിട്ടില്ലെന്ന് സിങ് വി ചൂണ്ടിക്കാട്ടി. 

കവറത്തി കോടതി വിധി സ്‌റ്റേ ചെയ്ത ഹൈക്കോടതി വിധിക്കെതിരെ ലക്ഷദ്വീപ് ഭരണകൂടം നല്‍കിയ ഹര്‍ജിയും ഇന്ന് മറ്റൊരു ബെഞ്ച് പരിഗണിക്കുന്നുണ്ട്. ഇക്കാര്യംകൂടി ഫൈസലിന്റെ അഭിഭാഷകന്‍ ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിനെ അറിയിച്ചു. തുടര്‍ന്ന് ഫൈസലിന്റെ ഹര്‍ജി അതിനൊപ്പം ചേര്‍ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശിക്കുകയായിരുന്നു. 

Tags