ഉത്തർപ്രദേശ് മുസഫർനഗറിൽ സംഭവത്തിൽ എഫ്ഐആർ രജിസ്റ്റർ ചെയ്യാൻ വൈകിയതും വർഗീയ പരാമർശം ഒഴിവാക്കിയതിനെയും കോടതി ചോദ്യം ചെയ്തു. ഉത്തർപ്രദേശ് പോലീസ് കേസ് കൈകാര്യം ചെയ്തത് ശരിയായ രീതിയിലല്ലെന്നും ഒരു മുതിർന്ന ഐപിഎസ് ഉദ്യോഗസ്ഥൻ അന്വേഷിക്കണമെന്നും കോടതി നിർദേശിച്ചു. ആക്ടിവിസ്റ്റ് തുഷാർ ഗാന്ധി നൽകിയ പൊതുതാത്പര്യ ഹർജി പരിഗണിക്കവെയായിരുന്നു കോടതിയുടെ ഉത്തരവ്.
കുട്ടിയെ മർദിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായെന്ന കാര്യം പ്രഥമ ദൃഷ്ടിയാൽ തന്നെ ബോധ്യപ്പെടുന്നതാണെന്ന് ഹർജി പരിഗണിച്ച ജസ്റ്റിസുമാരായ അഭയ് എസ് ഓക, പങ്കജ് മിത്തൽ എന്നിവരുടെ ബെഞ്ച് പറഞ്ഞു. ശാരീരിക- മാനസിക പീഡനങ്ങളിൽനിന്ന് വിദ്യാർത്ഥികളെ പരിരക്ഷിക്കുക, മതവും ജാതിയും ചൊല്ലിയുള്ള വിവേചനം തടയുക പോലുള്ള വിദ്യാഭ്യാസ അവകാശ ആക്ടിലെ വ്യവസ്ഥകൾ ലംഘിക്കപ്പെട്ടു. കേസിലെ ആരോപണങ്ങൾ ശരിയാണെങ്കിൽ ഒരു അധ്യാപിക വിദ്യാർഥിക്ക് നൽകുന്ന ഏറ്റവും മോശപ്പെട്ട ശാരീരിക ശിക്ഷ രീതിയാണ് മുസഫർനഗറിൽ ഉണ്ടായതെന്നും കോടതി പറഞ്ഞു.
അറിയാവുന്ന വകുപ്പുകൾ ചുമത്താൻ സാധിക്കുന്ന കുറ്റകൃത്യങ്ങൾ വിദ്യാർഥിയുടെ പിതാവ് കൊടുത്ത പരാതിയിൽ ഉണ്ടായിരുന്നിട്ടും എഫ് ഐ ആർ ഉടൻ രജിസ്റ്റർ ചെയ്യാൻ പോലീസ് തയ്യാറായില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. അതിനുപുറമെ സംഭവുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമാണ് കേസ് എടുത്തതെന്നും അതിൽ നോൺ കോഗ്നിസബൾ വകുപ്പായിരുന്നു ചുമത്തിയതെന്നും കോടതി നിരീക്ഷിച്ചു.
വിദ്യാർഥിയുടെ പിതാവിന്റെ ആദ്യ പരാതിയിൽ ഒരു പ്രത്യേക മതത്തിനെതിരെ അധിക്ഷേപ പരാമർശങ്ങൾ നടത്തിയതായി പറയുന്നുണ്ട്. പോലീസിന്റെ റിപ്പോർട്ടിലും അതെ ആരോപണങ്ങളുണ്ട്. എന്നാൽ എഫ്ഐആറിൽ അവ കാണുന്നില്ല” കോടതി പറഞ്ഞു. കൂടാതെ മർദിക്കുന്ന ദൃശ്യങ്ങളുടെ കൈയ്യെഴുത്തുപ്രതിയും എഫ്ഐആറിൽ ഉൾപ്പെടുത്തിയിട്ടില്ല. ഇക്കാര്യങ്ങളിൽ കോടതിക്ക് എതിർപ്പുണ്ടെന്നും കോടതി വ്യക്തമാക്കി.
“വളരെ ഗൗരവകരമായ പ്രശ്നമാണ്. ഒരു വിദ്യാർത്ഥി പ്രത്യേക മതത്തിൽനിന്നുള്ള ആളാണെന്നതിന്റെ പേരിൽ സഹപാഠികളോട് മർദിക്കാൻ പറയുന്നു. ഇതാണോ ഗുണനിലവാരമുള്ള വിദ്യാഭ്യാസം? കുട്ടിയുടെ വിദ്യാഭ്യാസത്തിന്റെ ഉത്തരവാദിത്തം സംസ്ഥാനം ഏറ്റെടുക്കണം. ആരോപണങ്ങൾ ശരിയാണെങ്കിൽ, മനസ്സാക്ഷിയെ ഞെട്ടിക്കുന്നതാണ്” ജസ്റ്റിസ് ഓക പറഞ്ഞു
മുസഫർനഗറിലെ ഒരു സ്വകാര്യ സ്കൂളിലായിരുന്നു കേസിന് ആസ്പദമായ സംഭവമുണ്ടായത്. തൃപ്ത ത്യാഗിയെന്ന അധ്യാപിക മുസ്ലിം വിദ്യാർഥിയുടെ മുഖത്ത് സഹപാഠികളെക്കൊണ്ട് അടിപ്പിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞത്. കുട്ടിയെ അടിപ്പിക്കുന്നതിനിടയിൽ വിദ്വേഷ പരാമർശങ്ങളും അധ്യാപിക നടത്തുന്നുണ്ടായിരുന്നു. ഇതിൽ ഓഗസ്റ്റ് 26നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്യുന്നത്. അതിന് പിന്നാലെയാണ് മഹാത്മാ ഗാന്ധിയുടെ ചെറുമകനും ആക്ടിവിസ്റ്റുമായ തുഷാർ ഗാന്ധി സുപ്രീംകോടതിയെ സമീപിക്കുന്നതും സ്വതന്ത്ര അന്വേഷണം ആവശ്യപ്പെടുന്നതും.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം