നിയമം ലംഘിച്ച് 9000 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിച്ചു; ബൈജൂസ് സ്ഥാപകൻ ബൈജു രവീന്ദ്രനും കമ്പനിക്കും നോട്ടീസ്

ഡൽഹി: ബൈജൂസ് ആപ്പ് സ്ഥാപകൻ ബൈജു രവീന്ദ്രന് ഇ.ഡി നോട്ടീസ്. ഫെമ നിയമം ലംഘിച്ച് വിദേശത്ത് നിന്ന് 9000 കോടി രൂപയുടെ നിക്ഷേപം സ്വീകരിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ഇഡിയുടെ ആരോപണം ബൈജൂസ് ആപ്പ് നിഷേധിച്ചു. ബൈജൂസിന്റെയും തിങ്ക് ആൻഡ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്റെയും സ്ഥാപകനാണ് ബൈജു രവീന്ദ്രൻ.
ഈ കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഏപ്രിലിൽ കർണാടകയിലെ ബംഗളുരുവിൽ മൂന്നിടങ്ങളിലായി ഇ.ഡി പരിശോധന നടത്തിയിരുന്നു. ഇവിടെനിന്നും നിർണായക രേഖകൾ പിടിച്ചെടുത്തുവെന്നാണ് അന്ന് ഇ.ഡി ആവകാശപ്പെട്ടിരുന്നത്.
ബൈജു രവീന്ദ്രന്‍റെ വീട്ടിലും തിങ്ക് ആന്‍റ് ലേൺ പ്രൈവറ്റ് ലിമിറ്റഡിന്‍റെ രണ്ട് ഓഫീസുകളിലുമാണ് റെയ്ഡ് നടന്നത്. വിദേശ ധനവിനിമയ നിയന്ത്രണ നിയമത്തിന്‍റെ അടിസ്ഥാനത്തിലാണ് റെയ്ഡെന്നായിരുന്നു ഇഡി അറിയിച്ചത്. ആരോപണങ്ങൾക്ക് പിൻബലം നൽകുന്ന ഡിജിറ്റൽ രേഖകളടക്കം പിടിച്ചെടുത്തതായും എൻഫോഴ്സ്മെന്‍റ് അറിയിച്ചിരുന്നു. വിവിധ സ്വകാര്യ വ്യക്തികൾ നൽകിയ പരാതികളിലാണ് ബൈജൂസിനെതിരെ കേസ് റജിസ്റ്റർ ചെയ്തിരിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി പല തവണ ബൈജു രവീന്ദ്രന് സമൻസ് നൽകിയെങ്കിലും ഹാജരായിരുന്നില്ല. 2011 മുതൽ 2023 വരെ ബൈജൂസിന് നേരിട്ടുള്ള വിദേശനിക്ഷേപമായി 28000 കോടി രൂപയാണ് ലഭിച്ചിട്ടുള്ളതെന്ന് പരിശോധനയിൽ വ്യക്തമായിട്ടുണ്ട്. വിദേശത്ത് പലയിടങ്ങളിലായി 9754 കോടി രൂപ ബൈജൂസ് നിക്ഷേപിച്ചിട്ടുണ്ട്. 2020-21 സാമ്പത്തിക വർഷത്തെ സാമ്പത്തിക രേഖകൾ ബൈജൂസ് സമർപ്പിച്ചിട്ടില്ല. അക്കൗണ്ടുകളിൽ ഓഡിറ്റും നടത്തിയിട്ടില്ലെന്നും ഇഡി വ്യക്തമാക്കിയിരുന്നു.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു