മധ്യപ്രദേശില്‍ കുഴല്‍കിണറില്‍ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു

8 year old borwell

ഭോപ്പാല്‍: 60 അടി താഴ്ച്ചയുള്ള കുഴല്‍കിണറില്‍ വീണ എട്ടു വയസ്സുകാരനെ രക്ഷിക്കാനുള്ള ശ്രമം തുടരുന്നു. മധ്യപ്രദേശിലെ വിടിഷ ജില്ലയില്‍ കഴിഞ്ഞദിവസം രാവിലെ പതിനൊന്നോടെയാണ് സംഭവം. 

60 അടി താഴ്ച്ചയുള്ള കിണറില്‍ 43 അടിയിലാണ് കുട്ടി കുടുങ്ങി കിടക്കുന്നത്. കുട്ടിക്ക് ഓക്‌സിജന്‍ നല്‍കി വരുന്നുണ്ടെന്നും വെബ് ക്യാമറകളുടെ സഹായത്താല്‍ കുട്ടിയെ കണ്ടെത്തിയെന്നും അസിസ്റ്റന്റ് സൂപ്രണ്ട് ഓഫ് പൊലീസ് സമീര്‍ യാദവ് പറഞ്ഞു. 

എന്നാല്‍ കുട്ടിയുമായി സംസാരിക്കാനും ഭക്ഷണം എത്തിച്ചു നല്‍കാനും രക്ഷാപ്രവര്‍ത്തകര്‍ക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല. എന്നാല്‍ കുഴല്‍ കിണറില്‍ നിന്ന് ശബ്ദം കേള്‍ക്കുന്നുണ്ടെന്നും അത് കുട്ടിക്ക് ജീവനുണ്ടെന്നതിനുള്ള തെളിവാണെന്നും യാദവ് കൂട്ടിച്ചേര്‍ത്തു.

നാട്ടുകാര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് ഫയര്‍ ഫോഴ്‌സും ദേശീയ ദുരന്ത നിവാരണ സേനയും സംയുക്തമായിട്ടാണ് രക്ഷാപ്രവര്‍ത്തനം നടത്തുന്നത്.