എലത്തൂർ ട്രെയിൻ തീവെപ്പ് കേസ്: ഐജി പി വിജയന് സസ്പെൻഷൻ

google news
Elathur train attack IG P Vijayan suspended from service
 

തിരുവനന്തപുരം: ഐ.ജി. പി. വിജയനെ സര്‍വീസില്‍ നിന്നും അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തു. എലത്തൂര്‍ ട്രെയിന്‍ തീവെപ്പ് കേസിലെ പ്രതിയുടെ സുരക്ഷയില്‍ വീഴ്ച വരുത്തിയത് ചൂണ്ടിക്കാട്ടിയാണ് സസ്‌പെന്‍ഷന്‍. ഡി.ജി.പിയുടെ അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. സംഭവത്തില്‍ ഗ്രേഡ് എസ്‌ഐ മനോജ് കുമാറിനേയും സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്‌.

അന്വേഷണ സംഘത്തിന്റെ ഭാഗമല്ലാതിരുന്നിട്ടും പ്രതിയെ കൊണ്ടുവന്ന ഉദ്യോഗസ്ഥരെ പി. വിജയന്‍ ബന്ധപ്പെട്ടിരുന്നു. ഇത് സുരക്ഷാ വീഴ്ചയ്ക്ക് വഴിയൊരുക്കിയെന്നാണ് എഡിജിപി എംആര്‍ അജിത്ത്കുമാറിന്റെ റിപ്പോര്‍ട്ട്. ഈ സമയത്ത് തീവ്രവാദ വിരുദ്ധസേനയുടെ തലവനായിരുന്നു വിജയന്‍. എന്നാല്‍ ആഴ്ചകള്‍ക്ക് മുന്‍പ് അദ്ദേഹത്തെ ഈ സ്ഥാനത്ത് നിന്നും നീക്കിയിരുന്നു.

  
റിപ്പോർട്ടിന് മേലുള്ള തുടരന്വേഷണം പൊലീസ് ആസ്ഥാനത്തെ എഡിജിപി പത്മകുമാർ നടത്തും. സംസ്ഥാനത്തെ മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരിൽ ഒരാളാണ് ഐജി പി വിജയൻ. എലത്തൂർ ട്രെയിൻ ആക്രമണം നടന്ന ഉടൻ ഐജി പി വിജയൻ സ്ഥലത്തെത്തിയിരുന്നു. പിന്നാലെ തീവ്രവാദ വിരുദ്ധ സ്ക്വാഡ് സംഭവത്തിൽ അന്വേഷണം ആരംഭിച്ചു. ഇതിന് ശേഷമാണ് എഡിജിപി എംആർ അജിത് കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചത്. അന്വേഷണ ഘട്ടത്തിൽ പൊലീസ് സേനയിലുണ്ടായ തർക്കമാണ് ഇപ്പോഴത്തെ നടപടിക്ക് കാരണം എന്നാണ് വിവരം. സംഭവത്തിൽ ഗ്രേഡ് എസ്ഐയായ മറ്റൊരാൾക്കെതിരെയും നടപടിക്ക് ശുപാർശ ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച ഉത്തരവ് കോഴിക്കോട് ജില്ലാ പൊലീസ് മേധാവി പുറത്തിറക്കും.
 

Tags