യുപിയിൽ മുസ്‌ലിം യുവാവിനെ പൊലീസ് വീട്ടിൽ കയറി തല്ലിക്കൊന്നെന്ന് കുടുംബം

deAD

ലക്നോ: ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിൽ ഇറച്ചി വില്പനക്കാരനായ മുസ്‌ലിം യുവാവിനെ പൊലീസ് വീട്ടിൽ കയറി തല്ലിക്കൊന്നെന്ന് കുടുംബം. ബുലന്ദ്ഷഹർ സ്വദേശിയായ 30കാരൻ ആഖ്വിൽ ഖുറേഷിയാണ് കൊല്ലപ്പെട്ടത്. 

ഈ മാസം 23 അർധരാത്രിയാണ് സംഭവം. രാത്രി വീട്ടിൽ കയറി വന്ന മൂന്ന് പൊലീസുകാർ അദ്ദേഹത്തെ മർദിക്കുകയും ടെറസിൽ നിന്ന് തള്ളിത്താഴെയിട്ട് കൊല്ലുകയുമായിരുന്നെന്ന് കുടുംബം പറയുന്നു. തങ്ങളുടെ മുന്നിലിട്ടാണ് ഭർത്താവിനെ പൊലീസുകാർ ക്രൂരമായി മർദിച്ചതെന്നും കുഞ്ഞുങ്ങളടക്കം അലറിക്കരഞ്ഞിട്ടും അവർ മർദനം നിർത്തിയില്ലെന്നും ഭാര്യ ഷഹാന പറയുന്നു.  

പോലീസുകാര്‍ തന്‍റെ ഭർത്താവിനോട് പണം ചോദിക്കുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പൊലീസുകാർ തോക്കിന്റെ പിറകുവശം കൊണ്ട് അദ്ദേഹത്തിന്റെ തലയിൽ ഇടിക്കുകയും അസഭ്യം പറയുകയും വീടിന്റെ മുകളിൽ നിന്ന് താഴേക്ക് വലിച്ചെറിയുകയുമായിരുന്നു. താഴെ ചെന്നു നോക്കുമ്പോൾ പിതാവ് ചോരയിൽക്കുളിച്ച് കിടക്കുകയായിരുന്നുവെന്നും സംഭവത്തിന് ദൃസാക്ഷിയായിരുന്ന അദ്ദേഹത്തിന്റെ പെണ്മക്കൾ പറയുന്നു

ആഴ്ചയിലൊരിക്കലോ രണ്ടാഴ്ച കൂടുമ്പോഴോ പൊലീസുകാർ വീട്ടിലെത്തി പണം ചോദിക്കുമായിരുന്നു. ഭയം മൂലം അദ്ദേഹം പണം കൊടുക്കും. എന്നാൽ എന്തിനാണ് പണം കൊടുക്കുന്നതെന്ന് ചോദിക്കുമ്പോൾ പേടിച്ചിട്ടാണെന്ന് അദ്ദേഹം പറയുമായിരുന്നു- ഭാര്യ ഷഹാന പറഞ്ഞു. 

ആഖിലിന്റെ ചികിത്സയ്ക്കായി പിറ്റേന്ന് മുതൽ ഈ മാസം 27 വരെ ഞങ്ങൾ മൂന്ന് ആശുപത്രികളിൽ കയറിയിറങ്ങി. എന്നാൽ അലി​ഗഢിൽ നിന്നും പ്രവേശിപ്പിക്കപ്പെട്ട ഡൽഹിയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ച് 27ന് രാത്രി മരണപ്പെടുകയായിരുന്നു. ഞങ്ങൾ നിരക്ഷരരാണ്. പേടിയാണ്. ഞങ്ങളെന്ത് ചെയ്യാനാണ്. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കാര്യത്തിലും ആശങ്കയുണ്ട്- ഭാര്യ പറഞ്ഞു.