ഉപരോധം തുടരുമെന്ന് കർഷകർ; പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ മഹാപഞ്ചായത്ത് നടത്തും

farmer
 

ചണ്ഡിഗഡ്: കർണാലിൽ ഹരിയാന സർക്കാരും കർഷക സംഘടനകളും നടത്തിയ ചർച്ച പരാജയം. മിനി സെക്രട്ടറിയേറ്റ് ഉപരോധം തുടരുമെന്ന് കർഷക സംഘടനകൾ അറിയിച്ചു.

ഹരിയാനയിലെ കർണാലിൽ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിനെതിരെ പ്രതിഷേധവുമായി എത്തിയ കർഷകർക്ക് നേരെയുണ്ടായ പൊലീസ് മർദനത്തിൽ ഗുരുതരമായി പരിക്കേറ്റ ഒരു കർഷകൻ മരിച്ചിരുന്നു. സംഘർഷത്തിൽ പത്ത് കർഷകർക്ക് പരിക്കേറ്റിരുന്നു. 50 പേരെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. 

അതേസമയം, പ്രധാനമന്ത്രിയുടെ മണ്ഡലമായ വരാണസിയിൽ മഹാപഞ്ചായത്ത് നടത്താനൊരുങ്ങിയിരിക്കുകയാണ് കർഷക സംഘടനകൾ. കാര്‍ഷിക നിയമങ്ങളില്‍ ഭേദഗതി ആവശ്യപ്പെട്ട് ആർഎസ്എസ് അനുകൂല സംഘടനയായ ഭാരതീയ കിസാൻ സംഘിന്റെ പ്രതിഷേധം ഡൽഹി ജന്തർ മന്തറിലും ജില്ലാ കേന്ദ്രങ്ങളിലും ആരംഭിച്ചു.

മുസഫർ നഗറിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ മണ്ഡലമായ വരണാസിയിൽ മഹാപഞ്ചായത്ത് നടത്താന്‍ കർഷക സംഘടനകൾ തീരുമാനിച്ചത്. മഹാപഞ്ചായത്തിന്‍റെ തിയ്യതി അടുത്ത മാസം ചേരുന്ന സംയുക്ത കിസാൻ മോർച്ചയുടെ യോഗത്തിൽ തീരുമാനിക്കും. രാജസ്ഥാനിലേക്കും ഛത്തീസ്ഗഡിലേക്കും സമരം വ്യാപിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. കർഷകർക്കെതിരെയുള്ള പൊലീസ് നടപടിയ്ക്കെതിരെ സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തില്‍ ധർണ തുടരുകയാണ്.