ജമ്മുവിലെ മാതാ വൈഷ്ണോദേവി ക്ഷേത്രത്തില്‍ തീപിടിത്തം

te

ജമ്മു: ജമ്മു കശ്മീരിലെ രെയ്സി ജില്ലയിലെ കത്രയില്‍ സ്ഥിതി ചെയ്യുന്ന മാതാ വൈഷ്ണോദേവി ക്ഷേത്ര സമുച്ചയത്തില്‍ തീപിടിത്തം. വൈകിട്ട് 4.15ന് സമുച്ചയത്തിലെ കാലിക ഭവന്‍ എന്ന കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്. ആളപായമില്ലെന്ന് ജമ്മു പൊലീസ് അറിയിച്ചു.  

ക്യാഷ് കൗണ്ടിങ് സെന്‍റര്‍ പ്രവര്‍ത്തിച്ചിരുന്ന കെട്ടിടവും പണവും രേഖകളും പൂര്‍ണമായി കത്തിനശിച്ചതായി അധികൃതര്‍ പറഞ്ഞു. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് തീപിടിത്തത്തിന് വഴിവെച്ചതെന്ന് പ്രാഥമിക നിഗമനം.

തീപിടിത്ത സമയത്ത് കെട്ടിടത്തില്‍ കുടുങ്ങിയവരെ പൊലീസ് രക്ഷപ്പെടുത്തി. ചിലര്‍ക്ക് നേരിയ പരിക്കേറ്റതായും പ്രഥമ ചികിത്സ നല്‍കിയതായും അധികൃതര്‍ അറിയിച്ചു.

സ്ഥിതിഗതികള്‍ ഇപ്പോള്‍ നിയന്ത്രണ വിധേയമാണെന്ന് ജമ്മു പൊലീസ് ഇന്‍സ്പെക്ടര്‍ ജനറല്‍ മുകേഷ് സിം​ഗ് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റററില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കെട്ടിടത്തിന്റെ മുകളിലത്തെ നിലയില്‍ നിന്നും കറുത്ത പുക പുറത്തേക്ക് പരക്കുന്നത് കാണാവുന്നതാണ്.

 


ഹൈന്ദവ വിശ്വാസികളുടെ പുരാതന തീര്‍ഥാടന കേന്ദ്രമാണ് മാതാ വൈഷ്ണോദേവി ക്ഷേത്രം. കത്ര നഗരത്തില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ ത്രികുട കുന്നുകള്‍ക്കു മുകളിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.