സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഒഴിപ്പിച്ചു; ഇന്ന് രാത്രി ജിദ്ദയിൽ എത്തും

google news
 സുഡാനില്‍ നിന്ന് ഇന്ത്യക്കാരുടെ ആദ്യ സംഘത്തെ ഒഴിപ്പിച്ചു; ഇന്ന് രാത്രി ജിദ്ദയിൽ എത്തും
 

ആഭ്യന്തര സംഘർഷം രൂക്ഷമായ സുഡാനിൽ നിന്നും രക്ഷപ്പെട്ട ആദ്യ ഇന്ത്യൻ സംഘം ഇന്ന് രാത്രി ജിദ്ദയിൽ എത്തും. ഇവരെ വിമാന മാർഗം നാട്ടിലെത്തിക്കും. ഓപ്പറേഷൻ കാവേരി ടീമിൽ ചേരാൻ സൗദി അറേബ്യയിലെ ജിദ്ദയിലെത്തിയ കേന്ദ്ര സഹമന്ത്രി വി മുരളീധരൻ ജിദ്ദയിൽ സജ്ജീകരിച്ച കൺട്രോൾ റൂം സന്ദർശിച്ചു. രക്ഷപ്പെട്ട ഇന്ത്യൻ സംഘം ഇന്ന് താമസിക്കുന്ന ജിദ്ദയിലെ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ സൗകര്യങ്ങളും മന്ത്രി വിലയിരുത്തി.

പോര്‍ട്ട് സുഡാനില്‍ നിന്ന് പുറപ്പെട്ട കപ്പലില്‍ 278 പേരുണ്ടെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു. 'കുടുങ്ങിക്കിടന്ന  ഇന്ത്യക്കാരുടെ ആദ്യ ബാച്ച് ഓപ്പറേഷന്‍ കാവേരിക്ക് കീഴില്‍ സുഡാന്‍ വിടുന്നു. 278 പേരുമായി ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനില്‍ നിന്ന് ജിദ്ദയിലേക്ക് പുറപ്പെടും,' ബാഗ്ചി ട്വീറ്റ് ചെയ്തു.
 
സൈന്യവും അര്‍ദ്ധസൈനിക വിഭാഗവും തമ്മിലുള്ള അധികാര പോരാട്ടത്തെത്തുടര്‍ന്ന് രൂക്ഷമായ പോരാട്ടത്തിന് സാക്ഷ്യം വഹിച്ച സുഡാനില്‍ നിന്ന് തങ്ങളുടെ പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ ഇന്ത്യ തിങ്കളാഴ്ചയാണ് 'ഓപ്പറേഷന്‍ കാവേരി' ആരംഭിച്ചത്. പദ്ധതികളുടെ ഭാഗമായി ഐഎഎഫിന്റെ രണ്ട് ഗതാഗത വിമാനങ്ങള്‍ ജിദ്ദയിലും നാവികസേനയുടെ കപ്പലായ ഐഎന്‍എസ് സുമേധ പോര്‍ട്ട് സുഡാനിലും തയ്യാറായിരുന്നു. നിലവില്‍ സുഡാനിലുടനീളമുള്ള മൂവായിരത്തിലധികം ഇന്ത്യന്‍ പൗരന്മാരുടെ സുരക്ഷയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു.

    
സുഡാനിൽ കുടുങ്ങിയ സൗദി പൗരൻമാരോടൊപ്പം കഴിഞ്ഞ ദിവസം ഏതാനും ഇന്ത്യക്കാരെ ജിദ്ദയിലെത്തിച്ചിരുന്നു. ഫ്രഞ്ച് പൗരൻമാരോടൊപ്പവും ഇന്ത്യക്കാരെ ഇന്ന് ജിദ്ദയിലെത്തിച്ചിരുന്നു. 

Tags