ഫൈസര്‍ ഉള്‍പ്പെടെയുള്ള വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും

vaccine

ന്യൂഡൽഹി: വിദേശ വാക്‌സിനുകളെ നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കിയേക്കും. ഫൈസര്‍ അടക്കമുള്ള വാക്‌സിനുകളെയാകും ഒഴിവാക്കുകയെന്നാണ് വിവരം. ഇതു സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ കമ്പനികള്‍ക്ക് ഉറപ്പ് നല്‍കിയെന്നാണ് സൂചന.

ഇന്ത്യയിലേക്ക് കൂടുതല്‍ വാക്‌സിന്‍ കമ്പനികളെ ആകര്‍ഷിക്കുകയാണ് സര്‍ക്കാറിന്റെ ലക്ഷ്യം. നഷ്ടപരിഹാര വ്യവസ്ഥയില്‍ നിന്ന് ഒഴിവാക്കപ്പെടുന്നതോടെ കമ്പനികള്‍ നിയമ നടപടികളില്‍ നിന്നും മുക്തരാകും. ഇതുവഴി കൂടുതല്‍ വാക്‌സിനുകള്‍ ഇന്ത്യയിലേക്ക് എത്തിക്കാനും വാക്‌സിനേഷന്‍ ഡിസംബറോടെ പൂര്‍ത്തിയാക്കാനും കഴിയുമെന്നാണ് സര്‍ക്കാറിന്റെ കണക്കൂട്ടല്‍.  

കോവിഡ് കേസുകൾ കുത്തനെ വർധിച്ചതോടെ ഏപ്രിലിൽ ഫൈസർ, മൊഡേണ, ജോൺസൺ ആൻഡ് ജോൺസൺ എന്നീ കമ്പനികളെ വാക്സിൻ വിറ്റഴിക്കാൻ കേന്ദ്ര സർക്കാർ ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ ഒരു കമ്പനികളുമായും കേന്ദ്രം ഇതുവരെ കരാറിലെത്തിയിരുന്നില്ല.

വാക്സിൻ ഉപയോഗത്തെ തുടർന്ന് ഗുരുതരമായ പാർശ്വഫലങ്ങൾ ഉണ്ടാകുന്ന സാഹചര്യത്തിൽ നേരിടേണ്ടിവരുന്ന നിയമനടപടികളിൽ നിന്ന് സംരക്ഷണം നൽകാമെന്നുള്ള വ്യവസ്ഥ അംഗീകരിക്കാത്ത ഒരു രാജ്യത്തിനും ഫൈസർ ഇതുവരെ വാക്സിൻ നൽകിയിട്ടില്ല. ഇന്ത്യയിൽ നിയമ സംരക്ഷണം നൽകുന്നത് സംബന്ധിച്ച് ഒരുകമ്പനിക്കും കേന്ദ്രവും ഉറപ്പ് നൽകിയിരുന്നില്ല. ഇക്കാര്യത്തിൽ സർക്കാർ മനം മാറ്റത്തിന് തയ്യാറാകുന്നതോടെ കൂടുതൽ വിദേശ വാക്സിനുകൾ രാജ്യത്ത് ലഭ്യമാകും.

തുടക്കത്തിൽ വിദേശ വാക്സിൻ സ്വീകരിക്കുന്നവരുടെ ആരോഗ്യസ്ഥിതി കേന്ദ്രം നിരീക്ഷണിക്കും. വാക്സിന്റെ കാര്യക്ഷമത ഉറപ്പാക്കിയതിന് ശേഷമേ വലിയ തോതിൽ വാക്സിനേഷൻ നൽകുകയുള്ളു. വിദേശ വാക്സിനുകൾ ഒരു ഡോസിന് 730-880 (10-12 ഡോളർ) രൂപയ്ക്കുള്ളിൽ ലഭിക്കാനുള്ള ചർച്ചകളാണ് നടക്കുന്നതെന്നും സർക്കാർ വൃത്തങ്ങൾ പറയുന്നു. അതേസമയം ഇക്കാര്യങ്ങളിൽ വിദേശകാര്യ മന്ത്രാലയമോ ആരോഗ്യമന്ത്രാലയമോ ഇതുവരെ പ്രതികരിച്ചിട്ടില്ല.