പഞ്ചാബ് മുൻ മുഖ്യമന്ത്രി പ്രകാശ് സിങ് ബാദൽ അന്തരിച്ചു

google news
Former Punjab Chief Minister Parkash Singh Badal Dies
 

ന്യൂഡൽഹി: പഞ്ചാബിന്റെ മുൻ മുഖ്യമന്ത്രിയും ശിരോമണി അകാലിദളിന്റെ മുതിർന്ന നേതാവുമായിരുന്ന പ്രകാശ് സിങ് ബാദൽ (95) അന്തരിച്ചു. പഞ്ചാബിലെ മൊഹാലിയിൽ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. 

ശ്വാസതടസ്സവുമായി ബന്ധപ്പെട്ട അസുഖത്തെത്തുടർന്ന് വെള്ളിയാഴ്ച അദ്ദേഹത്തെ മൊഹാലിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

അഞ്ച് തവണ പഞ്ചാബ് മുഖ്യമന്ത്രിയായിട്ടുണ്ട്‌. 1970-ലാണ് അദ്ദേഹം ആദ്യമായി മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നത്. 2012 ഏറ്റവും പ്രായം കൂടിയ മുഖ്യമന്ത്രിയായിരുന്നു അദ്ദേഹം. ലോക്സഭാ എം.പി. കൂടിയായിരുന്ന അദ്ദേഹം കേന്ദ്ര കാര്‍ഷിക വകുപ്പ് മന്ത്രി സ്ഥാനം കൂടി വഹിച്ചിട്ടുണ്ട്.

 
രഘുരാജ് സിങ്ങിന്റെയും സുന്ദ്രി കൗറിന്റെയും മകനായി 1927 ഡിസംബർ എട്ടിന് പഞ്ചാബിലെ മുക്ത്‌സൗർ ജില്ലയിലാണ് ബാദലിന്റെ ജനനം. 1947-ലാണ് തന്റെ രാഷ്ട്രീയ ജീവിതം അദ്ദേഹം തുടങ്ങിയത്. 1957-ൽ ആദ്യമായി പഞ്ചാബ് വിധാൻ സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 1969-ൽ രണ്ടാം തവണ സാമൂഹ്യ വികസനം, പഞ്ചായത്തീരാജ് എന്നീ വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായി ചുമതലയേറ്റു. 1972-ലും 1980-ലും 2002-ലും പ്രതിപക്ഷനേതാവായിരുന്നു. 10 തവണ വിധാൻ സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.

1992 ഫെബ്രുവരിയിൽ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ ശിരോമണി അകാലിദൾ പാർട്ടിയെ നയിച്ചത് ബാദലായിരുന്നു. 1977-ലെ മൊറാർജി ദേശായി മന്ത്രിസഭയിൽ മന്ത്രിയായിരുന്നു.
 

Tags