
റാഞ്ചി: ജാർഖണ്ഡിലെ സാഹിബ്ഗഞ്ജിൽ ഇടിമിന്നലേറ്റ് നാല് കുട്ടികൾ മരിച്ചു. ഒരു കുട്ടിക്ക് പരിക്കേറ്റു. കുട്ടിയുടെ നില ഗുരുതരമാണെന്നാണ് വിവരം. രാധാനഗർ മേഖലയിലെ ബാബുതോലയിൽ ഇന്ന് വൈകിട്ടാണ് സംഭവം നടന്നത്. പ്രദേശത്തെ മാവിൻതോപ്പിൽ കളിക്കുകയായിരുന്ന കുട്ടികളാണ് മരിച്ചത്.
മരണപ്പെട്ട കുട്ടികൾ എല്ലാവരും ഒമ്പതിനും പതിനൊന്നിനും മധ്യേ പ്രായമുള്ളവരാണെന്നും പരിക്കേറ്റ കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും അധികൃതർ അറിയിച്ചു.
ഹുമയൂൺ ഷെയ്ഖിന്റെ 12 വയസ്സുള്ള മകൾ ആയിഷ ഖാത്തൂൻ, ഒമ്പത് വയസ്സുള്ള മകൻ നസ്റുൽ ഷെയ്ഖ്, മെഹബൂബ് ആലമിന്റെ പത്ത് വയസ്സുള്ള മകൻ തൗക്കീർ ആലം, അസ്റഫുൾ ഷെയ്ഖിന്റെ ഒമ്പത് വയസ്സുള്ള മകൻ സാഹിദ് ആലം എന്നിവരാണ് മരിച്ചത്.
ഹുമയൂൺ ഷെയ്ഖിന്റെ 11 വയസ്സുള്ള മകൾ നഷ്നാര ഖാത്തൂനും പരിക്കേറ്റ് ചികിത്സയിലാണ്.