തമിഴ്‌നാട്ടിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് വിലക്ക്

f

ചെന്നൈ: കോവിഡ് വ്യാപനം നിലനിൽക്കുന്ന പശ്‌ചാത്തലത്തിൽ ഗണേശ ചതുർഥി ആഘോഷങ്ങൾക്ക് തമിഴ്‌നാട്ടിൽ വിലക്കേർപ്പെടുത്തി. ഈ മാസം 10ആം തീയതിയാണ് ഗണേശ ചതുർഥി ആഘോഷിക്കുന്നത്. രോഗവ്യാപന സാധ്യത നിലനിൽക്കുന്ന സാഹചര്യത്തിലാണ് ഗണേശ ചതുര്‍ഥി ദിനത്തില്‍ നടത്തിവരുന്ന ഘോഷയാത്രകള്‍ക്കും ആഘോഷ പരിപാടികള്‍ക്കും വിലക്കേര്‍പ്പെടുത്തി സർക്കാർ ഉത്തരവ് പുറത്തിറക്കിയത്. കൂടാതെ വഴിയിൽ ഗണേശ വിഗ്രഹങ്ങൾ സ്‌ഥാപിക്കരുതെന്നും ഉത്തരവിൽ വ്യക്‌തമാക്കുന്നുണ്ട്.

അതേസമയം വിലക്കേർപ്പെടുത്തിയ ഡിഎംകെ സർക്കാരിന്റെ നടപടിക്കെതിരെ തമിഴ്‌നാട്ടിൽ വലിയ രീതിയിലുള്ള പ്രതിഷേധവും ഉയരുന്നുണ്ട്. ഇതിന്റെ ഭാഗമായി ഹിന്ദു മുന്നണിയുടെ നേതൃത്വത്തിൽ ക്ഷേത്രങ്ങളുടെ മുന്നിൽ സമരം നടത്തുകയും ചെയ്‌തു.