കോവിഡ് മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്​ത ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് റിപ്പോർട്ട്

gautham gambheer

ന്യൂഡൽഹി: കോവിഡ് രോഗികൾക്കായുള്ള ഫാബിഫ്ലു മരുന്ന് അനധികൃതമായി സംഭരിക്കുകയും വിതരണം ചെയ്യുകയും ചെയ്​ത സംഭവത്തിൽ ഗൗതം ഗംഭീർ ഫൗണ്ടേഷൻ കുറ്റക്കാരാണെന്ന് റിപ്പോർട്ട്​. ഡൽഹി ഹൈകോടതിയിൽ ഡ്രഗ്സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അറിയിച്ചതാണിക്കാര്യം​.

നേരത്തെ ഗൗതം ഗംഭീർ ഫൗണ്ടേഷന് ക്ലീൻ ചിറ്റ് നൽകിയ നടപടിയെ കോടതി ശാസിച്ചതിനെത്തുടർന്ന് ഡിസിജിഐ പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിക്കുകയായിരുന്നു. ഓർഗനൈസേഷൻ, മരുന്ന് ഡീലർമാർ എന്നിവർക്കെതിരെ കാലതാമസമില്ലാതെ നടപടിയെടുക്കുമെന്നും ഡ്രഗ്സ് കൺട്രോളർ വ്യക്തമാക്കി.

മരുന്ന് സംഭരണവുമായി ബന്ധപ്പെട്ട കേസിൽ ഗംഭീറിനും കുമാറിനും ക്ലീൻ ചിറ്റുകൾ നൽകിയ ഡിസിജിഐയുടെ മുൻ റിപ്പോർട്ടുകൾ കോടതി തള്ളുകയായിരുന്നു. കേസിൽ പുതിയ റിപ്പോർട്ട്​ സമർപ്പിക്കുവാനും വീണ്ടുംഅ​ന്വേഷണം നടത്തുവാനും ജസ്റ്റിസുമാരായ വിപിൻ സംഘി, ജസ്മീത് സിങ്​ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ഉത്തരവിടുകയായിരുന്നു​.