സമരവുമായി മുന്നോട്ട്; 29-ന് പാര്‍ലമെന്റ് മാര്‍ച്ച് നടത്തുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച

farmers protest
 

ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചെങ്കിലും സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച. ഈ മാസം 29ന് പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങുന്ന ദിവസം നടത്താനിരുന്ന പാര്‍ലമെന്റ് മാര്‍ച്ചുമായി മുന്നോട്ട് പോകാന്‍ സിംഘുവില്‍ ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തില്‍ തീരുമാനമായി. 

സംയുക്ത കിസാന്‍ മോര്‍ച്ച പ്രഖ്യാപിച്ച സമര പരിപാടികളില്‍ മാറ്റമില്ലെന്ന് കര്‍ഷക സംഘടന നേതാവ് ബല്‍ബീര്‍ സിങ് രജേവല്‍ പറഞ്ഞു. നവംബര്‍ 22-ന് മഹാപഞ്ചായത്ത്, 26-ന് അതിര്‍ത്തികളില്‍സമ്മേളനങ്ങള്‍, 29-ന് പാര്‍ലമെന്റ് ട്രാക്ടര്‍ റാലി എന്നിവ നടക്കും. എന്നാല്‍ 29-ന് നടക്കുന്ന റാലി സംബന്ധിച്ച അന്തിമ തീരുമാനം 27-ലെ യോഗത്തിന് ശേഷമായിരിക്കും എടുക്കുകയെന്നും അദ്ദേഹം പറഞ്ഞു. 

കര്‍ഷകപ്രശ്നങ്ങള്‍ സംബന്ധിച്ച് പ്രധാനമന്ത്രിക്ക് ഒരു തുറന്ന കത്ത് എഴുതാനും നിയമങ്ങള്‍ പിന്‍വലിക്കുന്നുവെന്ന പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തിന് ശേഷം ആദ്യമായി ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.