സംസ്ഥാനത്ത് പച്ചക്കറി വില നിയന്ത്രിക്കാൻ സർക്കാർ ഇടപെടൽ; അയൽ സംസ്ഥാനങ്ങളിൽ നിന്ന് ഇന്നു മുതൽ പച്ചക്കറിയെത്തും

 vegetable

തിരുവനന്തപുരം: കുതിച്ചുയർന്ന പച്ചക്കറി വിലവർധനവിനെ നിയന്ത്രിക്കാൻ ഇടപെടലുമായി സംസ്ഥാന സർക്കാർ. ഇന്നു മുതൽ അയൽ സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് പച്ചക്കറി എത്തും. തമിഴ്‌നാട്, കർണാടക സർക്കാരുകളുമായി സഹകരിച്ച് കർഷകരിൽ നിന്ന് നേരിട്ടാണ് പച്ചക്കറികൾ വാങ്ങി വിപണിയിൽ എത്തിക്കാനാണ് കൃഷി വകുപ്പിൻ്റെ തീരുമാനം. 

വിപണിയിൽ പച്ചക്കറി വില കുത്തനെ ഉയർന്നതോടെ കൃഷി മന്ത്രി പി പ്രസാദിന്‍റെ അധ്യക്ഷതയിൽ യോ​ഗം ചേർന്ന് നടപടി സ്വീകരിക്കുകയായിരുന്നു. ഒരാഴ്ചയ്ക്കുള്ളിൽ പച്ചക്കറി വില സാധാരണ നിലയിലെത്തിക്കാനാണ് ശ്രമം. തമിഴ്‌നാട്, കർണാടക എന്നിവിടങ്ങളിലെ സർക്കാരുമായി സഹകരിച്ച് കർഷകരിൽനിന്ന് നേരിട്ട് പച്ചക്കറികൾ കേരള വിപണിയിലിറക്കാനുള്ള നടപടി ആരംഭിച്ചു. ഇത്തരത്തിൽ സംഭരിക്കുന്ന പച്ചക്കറി ഹോര്‍ട്ടികോര്‍പ്പിന്‍റെ നേതൃത്വത്തില്‍ വിപണിയിലെത്തിക്കാനാണ് തീരുമാനം. 

തമിഴ്‌നാട് അടക്കമുള്ള അയല്‍ സംസ്ഥാനങ്ങളില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്നുണ്ടായ വിളനാശം പച്ചക്കറി വില വർധിക്കാൻ കാരണമായിരുന്നു. കൂടാതെ ഇന്ധന വിലവര്‍ധനയുടെ പേരുപറഞ്ഞ് ഇടനിലക്കാര്‍ ഇരട്ടിവിലയ്ക്കാണ് കേരളത്തില്‍ പച്ചക്കറികളെത്തിച്ചു വില്‍ക്കുന്നത്. പൊള്ളാച്ചിയില്‍ കിലോയ്ക്ക് 65 രൂപയുള്ള തക്കാളി 50 കിലോമീറ്റര്‍ പിന്നിട്ട് പാലക്കാടെത്തുമ്പോള്‍ 120 രൂപയാണ് ഈടാക്കുന്നത്. എല്ലാ പച്ചക്കറികൾക്കും ഇരട്ടിയിൽ അധികം വിലയാണ് വർധിച്ചത്.