'സർക്കാർ താലിബാൻ' രാജ്യം പിടിച്ചെടുത്തു; തല തകർക്കാൻ ഉത്തരവിട്ട വ്യക്തി കമാൻഡർമാരിൽ ഒരാൾ: രാകേഷ്​ ടികായത്ത്

Rakesh tikayath

ന്യൂഡൽഹി: ഹരിയാനയിലെ കർണാലിൽ കർഷകർക്കെതിരെ പൊലീസ്​ നടത്തിയ ആക്രമത്തിൽ കർഷകൻ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഭാരതീയ കിസാൻ യൂണിയൻ നേതാവ്​ രാകേഷ്​ ടികായത്ത്​. രാജ്യം 'സർക്കാർ താലിബാൻ' കൈവശപ്പെടുത്തിയെന്നും അവരുടെ കമാൻഡർമാർ കർഷകരുടെ തല തകർക്കാൻ ഉത്തരവിടുക​യാണെന്നും ടികായത്ത്​ പറഞ്ഞു.

'സർക്കാർ താലിബാൻ രാജ്യം പിടിച്ചെടുത്തു. അവരുടെ കമാൻഡർമാർ രാജ്യം മുഴുവനുമുണ്ട്​. ഇവരെ തിരിച്ചറിയണം. തല തകർക്കാൻ ഉത്തരവിട്ട ആ വ്യക്തി കമാൻഡർമാരിൽ ഉൾപ്പെടും' -രാകേഷ്​ ടികായത്ത്​ പറയുന്നു. കർണാലിൽ പ്രതിഷേധിക്കുന്ന കർഷകരുടെ തല അടിച്ച്​ പൊട്ടിക്കാൻ പൊലീസുകാർക്ക്​ നിർദേശം നൽകുന്ന സബ് കളക്ടറുടെ വിഡിയോ പുറത്തുവന്നതോടെയാണ്​ ഖട്ടറിന്‍റെ പ്രതികരണം.

ഹരിയാന മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനെ ജാലിയൻ വാലാബാഗ്​ കൂട്ടക്കൊലക്ക്​ കാരണമായ ബ്രിട്ടീഷ്​ ജനറൽ ഡയറിനോട്​ രാകേഷ്​ ഉപമിക്കുകയും ചെയ്​തു.