കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കാന്‍ നടപടി തുടങ്ങി കേന്ദ്രസര്‍ക്കാര്‍; ബില്ലിന് ബുധനാഴ്ച അനുമതി നല്‍കും

narendra modi
 

ന്യൂഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ (farm laws) പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്രമന്ത്രിസഭാ യോഗം അനുമതി നല്‍കും.  കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമമന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്‍റെ  നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. 

പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29 ന് തുടങ്ങുന്ന പാര്‍ലെമന്‍റ് സമ്മേളനത്തില്‍ അവതരിപ്പിക്കും. മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും. എന്തുകൊണ്ട് നിയമങ്ങള്‍ പിന്‍വലിച്ചുവെന്നതിന്‍റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും. 

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതായി പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. നിയമങ്ങള്‍ക്കെതിരെ കര്‍ഷകര്‍ സമരം ആരംഭിച്ച്‌ ഒരുവര്‍ഷത്തിന് ശേഷമാണ് പ്രധാനമന്ത്രിയുടെ അപ്രതീക്ഷിത പ്രഖ്യാപനമുണ്ടായത്. രാജ്യത്തോട് ക്ഷമ ചോദിച്ച പ്രധാനമന്ത്രി രാജ്യതലസ്ഥാനത്ത് സമരം ചെയ്യുന്ന കര്‍ഷകര്‍ മടങ്ങിപ്പോകണമെന്ന് അഭ്യര്‍ത്ഥിക്കുകയും ചെയ്തു. 

എന്നാല്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സംയുക്ത കിസാന്‍ മോര്‍ച്ച അറിയിച്ചിട്ടുണ്ട്. പാര്‍ലമെന്റില്‍ നിയമങ്ങള്‍ പിന്‍വലിക്കുന്നതുവരെ സമരം തുടരാനും തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനം സംബന്ധിച്ച്‌ ചര്‍ച്ച ചെയ്യാനായി ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ വിശാല യോഗത്തിലാണ് ഇതുസംബന്ധിച്ച്‌ തീരുമാനം കൈക്കൊണ്ടത്. 

കര്‍ഷകപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക് തുറന്ന കത്ത് എഴുതാനും യോഗത്തില്‍ തീരുമാനമായി. ഈ കത്ത് അടുത്ത ദിവസംതന്നെ പുറത്തിറക്കും. ഇതിനു ശേഷം 27-ാം തീയതി വീണ്ടും യോഗം ചേരും. കത്തിനുള്ള മറുപടി ഈ യോഗത്തില്‍ വിലയിരുത്തും. തുടര്‍ന്നുള്ള സമരം എങ്ങനെ മുന്നോട്ടുകൊണ്ടുപോകണമെ കാര്യവും ഈ യോഗത്തില്‍ തീരുമാനിക്കും.

അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല ചില ഗൂഡനീക്കങ്ങള്‍ തകര്‍ക്കാനാണ് പ്രധാനമന്ത്രി നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണവുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്തെത്തി. ബില്ലുകള്‍ വന്നുപോകുമെന്നും രാജ്യത്തെ രക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും സാക്ഷി മഹാരാജ്  പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ചശേഷവും സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.