കോവിഡ് വാക്‌സിന്റെ വില പുതുക്കി കേന്ദ്രസർക്കാർ : കോവിഷീല്‍ഡിന് 215 രൂപ, കോവാക്‌സിന് 225 രൂപ

zh

ന്യൂഡൽഹി; കോവിഡ് വാക്സിന്റെ വില പുതുക്കി കേന്ദ്രസർക്കാർ.സെറം ഇൻസ്റ്റിറ്റിയൂട്ടിൽനിന്നു വാങ്ങുന്ന കോവിഷീൽഡിന് നികുതി ഉൾപ്പെടെ 215.15 രൂപയും ഭാരത് ബയോടെക്കിൽനിന്നു വാങ്ങുന്ന കോവാക്സിന് 225.75 രൂപയുമാണ് പുതിയ വില. നേരത്തെ ഇത് 150 രൂപയായിരുന്നു.ഓഗസ്റ്റ് മുതല്‍ ഡിസംബര്‍ വരെ വിതരണം ചെയ്യുന്ന 66 കോടി ഡോസ് വാക്‌സിനുള്ള ഓര്‍ഡര്‍ സര്‍ക്കാര്‍ കമ്പനികൾക്ക് നല്‍കി. കൊവിഷീല്‍ഡിന്റെ 37.5 കോടിയും കൊവാക്‌സിന്റെ 28.5 കോടിയും ഡോസ് ആണ് വാങ്ങുക.

അതേസമയം ജൂണ്‍ 21ന് പുതിയ വാക്‌സിന്‍ നയം നിലവില്‍ വന്ന ശേഷം സംസ്ഥാനങ്ങള്‍ക്കു വാക്‌സിന്‍ പൂര്‍ണമായും കേന്ദ്ര സര്‍ക്കാര്‍ നല്‍കുകയാണ്. സ്വകാര്യ ആശുപത്രികള്‍ മാത്രമാണ് ഇപ്പോള്‍ കമ്പനികളില്‍ നിന്ന് നേരിട്ടു വാങ്ങുന്നത്. പുതിയ നയം അനുസരിച്ച്‌ ഉത്പാദനത്തിന്റെ 75 ശതമാനവും കേന്ദ്ര സര്‍ക്കാര്‍ വാങ്ങും.