കനത്ത മഴ; വിമാനം കയറാന്‍ ട്രാക്റ്റര്‍ പിടിച്ച് യാത്രക്കാര്‍

rain

ബംഗളൂരു: കനത്ത മഴയാണ് ബംഗളുരുവിൽ തുടരുന്നത്. മഴയെ തുടര്‍ന്ന്  കെംപഗൗഡ രാജ്യാന്തര വിമാനത്താവളത്തില്‍ സമയത്തിന് എത്താന്‍ പലര്‍ക്കും ട്രാക്റ്റര്‍ കയറേണ്ടിവന്നു. യാത്രക്കാര്‍ തന്നെ ഇതിൻ്റെ  വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കിട്ടു.

ഇന്നലെ വൈകീട്ട് ബംഗളൂരു നഗരത്തില്‍ കനത്ത മഴയാണ് പെയ്തത്. ഇതേ തുടര്‍ന്ന് കെംപഗൗഡ രാജ്യാന്തര വിമാനത്താവളം ഉള്‍പ്പടെയുള്ള നിരവധി സ്ഥലങ്ങള്‍ വെള്ളത്തിനടിയിലാണ്. നിരവധി യാത്രക്കാരും വിമാനത്താവളത്തില്‍ കുടുങ്ങി. സമീപത്തുള്ള റോഡുകളിലും വെള്ളം കയറിയതിനാല്‍ യാത്രക്കാരെ ട്രാക്റ്ററിലാണ് വിമാത്താവളത്തില്‍ എത്തിച്ചത്.

കനത്ത മഴയെ  തുടര്‍ന്ന് പതിനൊന്ന് വിമാനങ്ങളും വൈകിയാണ് പുറപ്പെട്ടത്. ബംഗളൂരുവില്‍ നിന്നുള്ള ചെന്നൈ, പൂനെ, ഹൈദരബാദ്, മംഗളൂരു, മുംബൈ, കൊച്ചി, പാനാജി എന്നിവിടങ്ങളിലേക്കുള്ള വിമാനങ്ങളും രാത്രി വൈകിയാണ് പുറപ്പെട്ടത്. ഇന്നലെ റെക്കോര്‍ഡ് മഴയാണ് ബംഗളൂരുവില്‍ പെയ്തതെന്ന് കാലവസ്ഥാ കേന്ദ്രം അറിയിച്ചു. കെംപഗൗഡ വിമാനത്താവളത്തില്‍ 178.5 മില്ലീമീറ്റര്‍ മഴയാണ് രേഖപ്പെടുത്തിയത്. ബെംഗളൂരു നഗരത്തില്‍ 32.6 മില്ലീമീറ്റര്‍ മഴ പെയ്തപ്പോള്‍ ബെംഗളൂരു എച്ച്എഎല്ലില്‍ 20.8 മില്ലിമീറ്റര്‍ മഴ ലഭിച്ചു.