കർഷകരുടേത് ചരിത്ര വിജയം; കേന്ദ്ര സർക്കാരിന് കീഴടങ്ങേണ്ടി വന്നു: സിപിഐ ദേശീയ സെക്രട്ടേറിയറ്റ്

farmers protest

ന്യൂഡൽഹി: കർഷകരുടെ നിരന്തര പോരാട്ടത്തിന് മുന്നിൽ കേന്ദ്ര സർക്കാരിന് കീഴടങ്ങേണ്ടി വന്നു. കർഷകരുടെ ചരിത്ര വിജയമെന്ന് സിപിഐ ദേശീയ സെക്രട്ടേറിയറ്റ്. നരേന്ദ്രമോദിയുടെ തീരുമാനം പിന്തിരിപ്പനെന്ന് സുപ്രിം കോടതി നിയോഗിച്ച കർഷക സമിതി അംഗം വിമർശിച്ചു. കർഷക നിയമം പിൻവലിച്ചതിന് പിന്നിൽ ശുദ്ധ രാഷ്ട്രീയമെന്ന് അനിൽ ഘൻവത് ചൂണ്ടിക്കാട്ടി.

കർഷക താത്പര്യത്തേക്കാൾ ബിജെപിയുടെ രാഷ്ട്രീയ താത്പര്യത്തിന് മുൻതൂക്കം നൽകി. പാനൽ സമർപ്പിച്ച പരിഹാരങ്ങൾ തുറന്ന് പോലും നോക്കാൻ സർക്കാർ തയാറായില്ല. വിവാദ കാർഷിക നിയമം പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കില്ലെന്നറിയിച്ച് ഭാരതീയ കിസാൻ യൂണിയൻ നേതാവ് രാകേഷ് ടിക്കായത്. പാർലമെന്റ് നിയമം റദ്ദ് ചെയ്യുന്നത് വരെ പ്രതിഷേധം തുടരുമെന്ന് രാകേഷ് ടിക്കായത്ത് അറിയിച്ചു.

അതേസമയം, ഈ മാസം ആരംഭിക്കുന്ന പാർലമെന്റ് സമ്മേളനത്തിൽ മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിനുള്ള നടപടി ക്രമങ്ങൾ ആരംഭിക്കുമെന്നാണ് പ്രധാനമന്ത്രി നരേന്ദ്രമോദി അറിയിച്ചിരിക്കുന്നത്. ഈ സാഹചര്യത്തിൽ പ്രതിഷേധം അവസാനിപ്പിച്ച് കർഷകർ അവരവരുടെ വീട്ടിലേക്ക് മടങ്ങി പോകണമെന്നും നരേന്ദ്രമോദി അറിയിച്ചു.