സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ തലവന്‍ സൈഫുള്ള കൊല്ലപ്പെട്ടു

സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഹിസ്ബുള്‍ തലവന്‍ സൈഫുള്ള   കൊല്ലപ്പെട്ടു

ജമ്മു കശ്മീർ: ശ്രീനഗറില്‍ സുരക്ഷാ സേനയുമായി ഏറ്റുമുട്ടലിൽ തീവ്രവാദ സംഘടനയായ ഹിസ്ബുൾ മുജാഹിദ്ദീൻ കമാൻഡർ കൊല്ലപ്പെട്ടു. ഏറ്റുമുട്ടലിനെ തുടര്‍ന്ന് മറ്റൊരു ഭീകരനെ പോലീസ് അറസ്റ്റ് ചെയ്തു. തീവ്രവാദത്തിനെതിരായ വലിയ വിജയമാണിതെന്ന് പോലീസ് പറഞ്ഞു.

ശ്രീനഗറിലെ രംഗ്രെത്തില്‍ ഇന്ന് രാവിലെയോടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായത്. പ്രദേശത്തെ തീവ്രവാദികളുടെ സാന്നിധ്യത്തെക്കുറിച്ചുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സുരക്ഷാ സേന പരിശോധന നടത്തിയത്. ഇവര്‍ക്ക് നേരെ തീവ്രവാദികള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

ഏറ്റുമുട്ടലിന് ശേഷം നടത്തിയ തിരച്ചിലിലാണ് സൈഫുള്ളയുടെ മൃതദേഹം കണ്ടെത്തിയത്. ഏറ്റുമുട്ടലിനേത്തുടര്‍ന്ന് മറ്റൊരു ഭീകരനെ സൈന്യം പിടികൂടിയിട്ടുണ്ട്. ഇയാളുടെ പക്കല്‍നിന്നും എകെ 47 അടക്കമുള്ള ആയുധങ്ങള്‍ കണ്ടെടുത്തതായും സുരക്ഷാസേന അറിയിച്ചു.

മെയ് മാസത്തില്‍ റിയാസ് നിയിക്കൂ കൊല്ലപ്പെട്ടതിനെത്തുടര്‍ന്നാണ് സൈഫുള്ള ഹിസ്ബുള്‍ മുജാഹിദ്ദീന്റെ തലവനായത്. ജമ്മു കശ്മീരില്‍ ഡോക്ടറായി ജോലിചെയ്തുവരുകയായിരുന്ന ഇയാള്‍ 2014 ലാണ് ഹിസ്ബുള്ളില്‍ ചേര്‍ന്നത്.