കോവിഡ് വ്യാപനം; ഹോം ഐസൊലേഷൻ മാർഗരേഖ പുതുക്കി കേന്ദ്രം

covid
 

ന്യൂഡല്‍ഹി: കോവിഡ് രോഗികളുടെ ഗാര്‍ഹിക നിരീക്ഷണത്തിനുള്ള മാര്‍ഗരേഖ കേന്ദ്രസര്‍ക്കാര്‍ പുതുക്കി. വീടുകളില്‍ ഇനി ഏഴ് ദിവസം മാത്രം നിരീക്ഷണം മതി. നേരത്തെ ഹൈം ഐസൊലേഷൻ കാലാവധി പത്ത് ദിവസമായിരുന്നു. ഇതാണ് നിലവിൽ ഏഴ് ദിവസമാക്കി ചുരുക്കിയത്. 

വീട്ടിൽ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പർക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.

60 വയസ് കഴിഞ്ഞവർക്ക് വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനിൽ ഇരിക്കാൻ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവർ, ക്യാൻസർ രോഗികൾ എന്നിവർക്കും ഹോം ഐസലേഷൻ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികൾക്ക് ഡോക്ടറുടെ നിർദേശപ്രകാരം ഐസലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാർഗരേഖയിൽ പറയുന്നു.

രാജ്യത്തെ കോവിഡ് വ്യാപനത്തില്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം അതീവ ആശങ്കയും രേഖപ്പെടുത്തി. മഹാരാഷ്ട്ര, ബംഗാള്‍, കേരളം, ഡല്‍ഹി, കര്‍ണാടക, തമിഴ്‌നാട്, ജര്‍ഖണ്ഡ്, ഗുജറാത്ത് എന്നിവിടങ്ങളില്‍ സ്ഥിതി ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. 

നിലവില്‍ രാജ്യത്തെ 28 ജില്ലകളില്‍ പ്രതിവാര ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10 ശതമാനത്തിന് മുകളിലാണ്. 43 ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5-10 ശതമാനത്തിനുള്ളിലാണ്. കഴിഞ്ഞ ദിവസം മാത്രം കോവിഡ് രോഗികളുടെ എണ്ണത്തില്‍ 56 ശതമാനം വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. ഈ സാഹചര്യത്തില്‍ വിവിധ സംസ്ഥാനങ്ങളില്‍ രാത്രികാല കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിട്ടുണ്ട്.