സല്‍മാന്‍ ഖാന്‍റെ സഹോദരിയുടെ കമ്മൽ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ

google news
salman khan

മുംബൈ: സല്‍മാന്‍ ഖാന്‍റെ സഹോദരി അര്‍പിത ഖാന്‍ ശര്‍മ്മയുടെ കമ്മൽ മോഷ്ടിച്ച കേസിൽ വീട്ടുജോലിക്കാരൻ അറസ്റ്റിൽ. അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന വജ്രകമ്മൽ വീട്ടിൽ നിന്ന് മോഷണം പോവുകയായിരുന്നു. അർപ്പിത നൽകിയ പരാതിയിലാണ് 30 വയസുകാരനായ വീട്ടുജോലിക്കാരൻ അറസ്റ്റിലാവുന്നത്. 

മേയ് 16നാണ് കമ്മൽ മോഷണം പോയത് എന്നാണ് അർപ്പിത പരാതിയിൽ പറഞ്ഞത്. മേക്കപ്പ് ട്രെയിൽ സൂക്ഷിച്ചിരുന്ന കമ്മൽ കാണാതാവുകയായിരുന്നു. വൈൽ പാർലെ ഈസ്റ്റിലെ ചേരിയിൽ താമസിച്ചിരുന്ന സന്ദീപ് ഹെ​ഗ്ഡെ എന്ന പ്രതിയെ പരാതി ലഭിച്ച രാത്രി തന്നെ അറസ്റ്റ് ചെയ്യുകയായിരുന്നു. കമ്മലുകൾ ഇയാളുടെ വീട്ടിൽ നിന്ന് കണ്ടെടുത്തു. ഇയാളെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു.  

11 പേരാണ് അർപ്പിതയുടെ വീട്ടിൽ ജോലി ചെയ്യുന്നത്. 4 മാസം മുൻപാണ് സന്ദീപ് ജോലിയിൽ പ്രവേശിക്കുന്നത്. മോഷണം നടത്തിയതിനു ശേഷം ഇയാൾ ആരോടും പറയാതെ അർപ്പിതയുടെ വീട്ടിൽ നിന്ന് രക്ഷപ്പെടുകയായിരുന്നു. മറ്റ് ജോലിക്കാരെ ചോദ്യം ചെയ്തപ്പോള്‍ അത് സംബന്ധിച്ച് ലഭിച്ച സൂചനകളാണ് പൊലീസിന് പ്രതിയെ പിടികൂടാന്‍ സഹായിച്ചത്. തിരക്കഥാകൃത്ത് സലിം ഖാന്‍റെയും നടി ഹെലന്‍റേയും ദത്തുപുത്രിയാണ് അർപിത. നടൻ ആയുഷ് ശർമ്മയാണ് അർപിതയുടെ ഭർത്താവ്.
 

Tags