രാജസ്ഥാൻ അപകടം: മിഗ് 21 യുദ്ധവിമാനത്തിന്റെ സേവനം നിർത്തിവച്ച് വ്യോമസേന

ന്യൂഡല്‍ഹി: രാജസ്ഥാനിൽ മിഗ് -21 യുദ്ധവിമാനം തകർന്നു വീണ സംഭവത്തിൽ അന്വേഷണം പൂർത്തിയാകും വരെ മിഗ് - 21 വിമാനത്തിന്റെ സേവനം നിർത്തിവച്ചതായി വ്യോമസേന. മേയ് എട്ടിന് സൂറത്ത്ഗഡ് വ്യോമതാവളത്തിൽനിന്ന് പറന്ന മിഗ്-21 വിമാനം രാജസ്ഥാനിലെ ഹനുമാൻഘട്ടിൽ തകർന്നുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
'വിമാനം തകർന്നു വീഴാൻ കാരണം എന്തെന്ന് അന്വേഷണത്തിൽ വ്യക്തമാകുന്നത് വരെ മിഗ് -21 വിമാനങ്ങളുടെ സേവനം നിർത്തിവെക്കുന്നു'- പ്രതിരോധമന്ത്രാലയത്തിലെ മുതിർന്ന ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എഎൻഐ റിപ്പോർട്ട് ചെയ്തു.
റഷ്യൻ നിർമിത മിഗ് 21 വ്യോമസേനയുടെ പക്കലുള്ള ഏറ്റവും പഴയ യുദ്ധവിമാനമാണ്. ഇവ അഞ്ച് പതിറ്റാണ്ടായി ഇന്ത്യൻ വ്യോമസേനയുടെ ഭാഗമാണ്. സാങ്കേതികത്തകരാർ മൂലമുള്ള അപകടങ്ങൾ തുടർക്കഥയായതോടെ ‘പറക്കുന്ന ശവപ്പെട്ടി’ എന്ന വിളിപ്പേരും ഇതിനു വീണിരുന്നു. നിലവിൽ ഉപയോഗത്തിലുള്ള 70 മിഗ് 21 വിമാനങ്ങൾ 2 വർഷത്തിനകം ഒഴിവാക്കാൻ തീരുമാനിച്ചിരുന്നു.
ഒരുകാലത്ത് വ്യോമസേനയുടെ നട്ടെല്ലായിരുന്ന മിഗ്-21 സോവിയറ്റ് കാലഘട്ടത്തിലെ സിംഗിള്‍ എഞ്ചിന്‍ മള്‍ട്ടിറോള്‍ ഫൈറ്റര്‍/ഗ്രൗണ്ട് അറ്റാക്ക് യുദ്ധവിമാനമാണ്.