കോവിഡ് ബാധിച്ച് ഭേദായവർക്ക് ഒറ്റഡോസ് കോവാക്‌സിന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം

covaxin
ന്യൂഡൽഹി: കോവിഡ് ബാധിച്ച് ഭേദായവർക്ക് ഒറ്റഡോസ് വാക്‌സീന്‍ ഫലപ്രദമെന്ന് ഐസിഎംആര്‍ പഠനം. രോഗം നേരത്തെ വന്ന് പോയവരില്‍ കോവാക്‌സിന്‍ ഒറ്റ ഡോസ് രണ്ട് ഡോസിന്റെ ഫലം ചെയ്യുമെന്നും പഠനത്തില്‍ പറയുന്നു. ശനിയാഴ്ച പുറത്തിറങ്ങിയ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ സയന്‍സിലാണ് പഠനം പ്രസിദ്ധീകരിച്ചത്. 

മുമ്പ് കോവിഡ് ബാധിച്ചവര്‍ക്ക് കൊവാക്‌സിന്‍ ഒറ്റ ഡോസ് മതിയെന്ന് പരീക്ഷണങ്ങളില്‍ വ്യക്തമായി. ഇത് രാജ്യത്തെ വാക്‌സീന്‍ വിതരണത്തിന് ഗുണകരമാകുമെന്നും പഠനത്തില്‍ പറയുന്നു. നിലവില്‍ കോവിഡ് നേരത്തെ വന്നവര്‍ക്കും രണ്ട് ഡോസ് വാക്‌സീനാണ് നിര്‍ദേശിച്ചിരുന്നത്. ഫെബ്രുവരി മുതല്‍ മെയ് വരെ കൊവാക്‌സിന്‍ സ്വീകരിച്ച 114 ആരോഗ്യപ്രവര്‍ത്തകുടെ രക്തസാമ്പിളുകള്‍ എടുത്താണ് പഠനം നടത്തിയത്. കോവിഡ് നേരത്തെ വന്ന് പോയവരില്‍ കൊവാക്‌സിന്‍ ഒറ്റ ഡോസ് വാക്‌സീന്‍ രണ്ട് ഡോസ് വാക്‌സീന്‍ എടുത്തവര്‍ക്ക് തുല്യമായി ആന്റിബോഡി കണ്ടെത്തിയെന്നും പഠനത്തില്‍ പറയുന്നു. 

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച ആദ്യത്തെ വാക്‌സീനാണ് കൊവാക്‌സീന്‍. ഭാരത് ബയോടെക്കാണ് ഉല്‍പാദകര്‍.