കാർഷിക നിയമങ്ങൾ നേരത്തെ പിൻവലിച്ചിരുന്നെങ്കിൽ 700 ഓ​ളം ക​ര്‍​ഷ​ക​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു: വരുൺ ഗാന്ധി

varun gandhi
 

ന്യൂ​ഡ​ൽ​ഹി: കേന്ദ്ര സ​ർ​ക്കാ​ർ പു​തി​യ കാ​ർ​ഷി​ക ന​യം  (Farm laws) പി​ൻ​വ​ലി​ച്ച​തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി ബി​ജെ​പി എം​പി വ​രു​ൺ ഗാ​ന്ധി. കാ​ര്‍​ഷി​ക നി​യ​മ​ങ്ങ​ള്‍ നേ​ര​ത്തെ പി​ന്‍​വ​ലി​ച്ചി​രു​ന്നെ​ങ്കി​ല്‍ 700 ഓ​ളം ക​ര്‍​ഷ​ക​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി​ക്ക് അ​യ​ച്ച ക​ത്തി​ൽ വ​രു​ൺ വ്യ​ക്ത​മാ​ക്കു​ന്നു.

നി​യ​മ​ങ്ങ​ള്‍ പി​ന്‍​വ​ലി​ക്കാ​നു​ള്ള താ​ങ്ക​ളു​ടെ ഹൃ​ദ​യ​വി​ശാ​ല​ത​യ്ക്ക് ന​ന്ദി. 700 ഓ​ളം ക​ര്‍​ഷ​ക​രാ​ണ് ഈ ​സ​മ​ര​ത്തി​ന്‍റെ ഭാ​ഗ​മാ​യി ര​ക്ത​സാ​ക്ഷി​ക​ളാ​യ​ത്. നേ​ര​ത്തെ ത​ന്നെ ഈ ​നി​യ​മം പി​ന്‍​വ​ലി​ച്ചി​രു​ന്നെ​ങ്കി​ല്‍ നി​ഷ്‌​ക​ള​ങ്ക​രാ​യ അ​വ​രു​ടെ ജീ​വ​ന്‍ ര​ക്ഷി​ക്കാ​മാ​യി​രു​ന്നു. സമരത്തിനിടെ ജീവൻ നഷ്ടപ്പെട്ട കർഷകരുടെ നിര്യാണത്തിൽ അനുശോചിക്കണം, അവരുടെ കുടുംബത്തിന് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പ്രധാനമന്ത്രിക്കയച്ച കത്തിൽ വരുൺ ഗാന്ധി ആവശ്യപ്പെട്ടു.

ലഖിംപുര്‍ ഖേരി സംഭവം ജനാധിപത്യത്തിന് കളങ്കമാണെന്നും സംഭവത്തില്‍ പങ്കുണ്ടെന്ന് ആരോപിക്കപ്പെടുന്ന കേന്ദ്രമന്ത്രിയെ പുറത്താക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.  

രാഷ്ട്രീയപ്രേരിതമായി സമരക്കാർക്കെതിരെ ചുമത്തിയ കേസുകളും പിൻവലിക്കണം. കാർഷിക വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കണമെന്നും കത്തിൽ പറയുന്നു. 

ഉന്നത സ്ഥാനങ്ങളില്‍ ഇരിക്കുന്ന പല നേതാക്കളും സമരം ചെയ്യുന്ന കര്‍ഷകര്‍ക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ട്. അത്തരം പ്രസ്താവനകളുടെയും അനന്തര ഫലമാണ് ഒക്ടോബര്‍ മൂന്നിന് ലഖിംപൂര്‍ ഖേരിയില്‍ അഞ്ച് കര്‍ഷക സഹോദരങ്ങള്‍ വാഹനമിടിച്ച് മരിച്ചത്. ഹൃദയഭേദകമായ ഈ സംഭവം നമ്മുടെ ജനാധിപത്യത്തിന് കളങ്കമാണ്. ഈ സംഭവവുമായി ബന്ധമുള്ള കേന്ദ്രമന്ത്രിക്കെതിരെ ന്യായമായ അന്വേഷണം നടത്തുന്നതിന് നടപടി സ്വീകരിക്കണമെന്നും വരുണ്‍ ഗാന്ധി പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.