മദ്രാസ് ഐഐടിയിൽ വിദ്യാർഥി തൂങ്ങിമരിച്ചു; ഒരു മാസത്തിനിടെ രണ്ടാം സംഭവം

IIT Madras Student Dies By Suicide
 


ചെന്നൈ: മദ്രാസ് ഐഐടിയിലെ മൂന്നാം വർഷ ബിടെക് വിദ്യാർഥി ആത്മഹത്യ ചെയ്തു. മൂന്നാം വര്‍ഷ ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് വിദ്യാര്‍ഥി പുഷ്പക് ശ്രീ സായ് ആണ് മരിച്ചത്. ആന്ധ്രപ്രദേശ് സ്വദേശിയാണ് മരിച്ച വിദ്യാര്‍ഥി. 

ചൊവ്വാഴ്ച ഹോസ്റ്റൽ മുറിയിൽ തുങ്ങിയ നിലയിലാണ് മൃതദേഹം മറ്റുള്ളവർ കണ്ടെത്തിയത്. പഠനത്തിലെ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്കു വിരൽചൂണ്ടിയതെന്ന് പൊലീസ് അറിയിച്ചു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് അയച്ചു. 

നിര്‍ഭാഗ്യകരമായ മരണമാണ് സംഭവിച്ചത് എന്നായിരുന്നു ഐ.ഐ.ടി അധികൃതരുടെ പ്രതികരണം. ഫെബ്രുവരിയില്‍ സ്റ്റീവന്‍ സണ്ണി എന്ന മഹരാഷ്ട്ര സ്വദേശിയായ വിദ്യാര്‍ഥി ആത്മഹത്യ ചെയ്തിരുന്നു. ഇത്തരത്തില്‍ മദ്രാസ് ഐ.ഐ.ടിയില്‍ വിദ്യാര്‍ഥികളുടെ മരണം തുടര്‍ക്കഥയാകുന്നതിനെതിരെ വിദ്യാര്‍ഥി സംഘടനകള്‍ ഉള്‍പ്പടെ വലിയ രീതിയിലുള്ള പ്രക്ഷോഭങ്ങളാണ് സംഘടിപ്പിക്കുന്നത്. 

പഠന സമ്മര്‍ദം വിദ്യാര്‍ഥികള്‍ക്ക് മാനസിക ബുദ്ധിമുട്ട് ഉണ്ടാക്കുന്നുണ്ട് എന്ന് നേരത്തെ തന്നെ ആക്ഷേപം ഉയര്‍ന്നിരുന്നു. അതോടൊപ്പം ഇത്തരം സംഭവങ്ങളിലൊന്നും കൃത്യമായ അന്വേഷണം നടന്നില്ല എന്നും പരാതിയുണ്ട്.