യുപിയില്‍ യോഗി ആദിത്യനാഥ് സർക്കാറിൽനിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു

dara singh chauhan

ലക്‌നൗ: തെരഞ്ഞെടുപ്പ് തൊട്ടടുത്ത് എത്തി നില്‍ക്കെ നാല് എംഎൽഎമാരും ഒരു മന്ത്രിയും കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെ ഉത്തർപ്രദേശ് യോഗി ആദിത്യനാഥ് സർക്കാറിൽനിന്ന് ഒരു മന്ത്രി കൂടി രാജിവെച്ചു. വനം പരിസ്ഥിതി മന്ത്രിയും മുതിര്‍ന്ന നേതാവുമായ ദാരാ സിങ് ചൗഹാന്‍ ആണ് രാജിവച്ചത്. ഇതോടെ രണ്ടു  ദിവസത്തിനിടെ യുപിയിൽ രാജിവച്ച എംഎല്‍എമാരുടെ എണ്ണം ആറായി. ദാരാ സിങ് സമാജ്‌വാദി പാര്‍ട്ടിയില്‍ ചേരുമെന്നാണ് സൂചന.

പിന്നാക്കക്കാരോട് നീതി പുലർത്താത്തതിൽ പ്രതിഷേധിച്ചാണ് ത​ന്‍റെ രാജിയെന്ന് ദാരാസിങ് പറഞ്ഞു. ദലിതുകളുടെയും പിന്നാക്ക സമുദായത്തിന്റെയും പിന്തുണയോടെ അധികാരത്തില്‍ വന്ന ബിജെപി അവരെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്ന് ദാരാ സിങ് ചൗഹാന്‍ പറഞ്ഞു. രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ചൗഹാന്‍. ഭാവി പരിപാടികള്‍ അണികളുമായി ആലോചിച്ചു തീരുമാനിക്കുമെന്ന് ചൗഹാന്‍ പറഞ്ഞു. 

മന്ത്രി സ്വാമി പ്രസാദ് മൗര്യ, തിഹാര്‍ എംഎല്‍എ റോഷന്‍ ലാല്‍ വെര്‍മ, ബില്‍ഹര്‍ എംഎല്‍എ ഭഗവതി പ്രദാസ് സാഗര്‍, തിംദ്‌വാരി എംല്‍എ ബ്രജേഷ് പ്രജാപതി എന്നിവര്‍ ഇന്നലെ പാര്‍ട്ടി വിട്ടിരുന്നു. കഴിഞ്ഞ അഞ്ചുവര്‍ഷമായി പറഞ്ഞുകൊണ്ടിരിക്കുന്ന പരാതികളില്‍ നടപടിയാകാതെ വന്നതോടെയാണ് ബിജെപി വിട്ടതെന്ന് റോഷന്‍ലാല്‍ പറഞ്ഞു. എസ് പിയിലെത്തിയ സ്വാമി പ്രസാദ് മൗര്യയെ സ്വാഗതം ചെയ്യുന്നതായി അഖിലേഷ് യാദവ് പറഞ്ഞു.

തനിക്കൊപ്പം നില്‍ക്കുന്ന സ്വാമി പ്രസാദിൻ്റെ ചിത്രവും അദ്ദേഹം ട്വിറ്ററില്‍ പങ്കുവച്ചിട്ടുണ്ട്. യോഗി ആദിത്യനാഥ് സര്‍ക്കാരിലെ തൊഴില്‍ മന്ത്രി ആയിരുന്നു സ്വാമി പ്രസാദ് മൗര്യ. സര്‍ക്കാര്‍ ഒബിസി വിഭാഗക്കാരെയും ദലിതരെയും യുവാക്കളെയും അവഗണിക്കുകയാണെന്ന് മൗര്യ രാജിക്കത്തില്‍ ആരോപിച്ചു. 2017 തെരഞ്ഞെടുപ്പിനു മുന്നോടിയായാണ് മൗര്യ ബിജെപിയില്‍ ചേര്‍ന്നത്. മൗര്യയുടെ മകള്‍ ബദായൂമില്‍നിന്നുള്ള ബിജെപി എംപിയാണ്.